2പാലക്കാട്: എന്‍.ഡി.എ. മുന്നണിക്ക് നേതൃത്വംനല്‍കുന്ന ബി.ജെ.പി. ഇക്കുറി പാലക്കാട് നഗരസഭയില്‍ 38 സീറ്റുകള്‍ നേടുമെന്ന് പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ ഇ. കൃഷ്ണദാസ്. പാലക്കാട് പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ ഏറ്റവുംകൂടുതല്‍ സ്ഥാനാര്‍ഥികളെ പാര്‍ട്ടി രംഗത്തിറക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പാണിത്. ത്രിതലപഞ്ചായത്തുകളിലായി 600 സീറ്റുകളിലെ വിജയമാണ് എന്‍.ഡി.എ. ലക്ഷ്യമിടുന്നത്. ജില്ലയുടെ പടിഞ്ഞാറന്‍മേഖലകളിലും ഇക്കുറി മുന്നണിക്ക് നിര്‍ണായകസ്വാധീനമുറപ്പിക്കാനാവും. വികസനരാഷ്ട്രീയമാണ് ബി.ജെ.പി.യുടെ മുദ്രാവാക്യം. പാലക്കാട് നഗരസഭയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബി.ജെ.പി. അഞ്ച് വര്‍ഷക്കാലം ഭരണം നടത്തി. മറുപക്ഷത്തുണ്ടായിരുന്ന സി.പി.എമ്മും കോണ്‍ഗ്രസും ഒരു പ്രമേയംപോലും പാസാക്കാന്‍ സമ്മതിക്കാതെ ബഹളം നടത്തിയിട്ടും മികച്ചഭരണമാണ് ബി.ജെ.പി. കാഴ്ചവെച്ചത്. അഞ്ചുവര്‍ഷത്തിനിടെ 132 പദ്ധതികളിലായി 100 കോടിയിലേറെ രൂപയുടെ വികസനമാണ് നടത്തിയത്.

അമൃത് പദ്ധതിയിലൂടെ കുടിവെള്ള പദ്ധതികള്‍, നടപ്പാതകള്‍ എല്ലാം വികസനത്തിന്റ പാതയിലാണ്. പദ്ധതി 50 ശതമാനം പോലും പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപണം ഉന്നയിച്ചവര്‍ എം.എല്‍.എ. മുന്‍കൈയെടുത്ത് തുടങ്ങിയ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡ്, മോയന്‍സ്‌കൂള്‍ ഡിജിറ്റൈസേഷന്‍ എന്നിവ എവിടെയെത്തിയെന്ന് ചിന്തിക്കണം. നഗരസഭയിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരമുണ്ടാകാത്തതിന് പ്രധാനകാരണം നഗരസഭ തയ്യാറാക്കിനല്‍കിയ പദ്ധതിക്ക് സംസ്ഥാനസര്‍ക്കാര്‍ അനുമതി നിഷേധിച്ചതാണ്. കൊടുമ്പിലെ മാലിന്യസംസ്‌കരണകേന്ദ്രത്തിന് ഒളിഞ്ഞും തെളിഞ്ഞും തടസ്സംനിന്നതും സി.പി.എമ്മാണ്.

ജനാധിപത്യപാര്‍ട്ടിയെന്നനിലയില്‍ സ്ഥാനാര്‍ഥിനിര്‍ണയസമയത്ത് ബി.ജെ.പി.യിലും തര്‍ക്കങ്ങളുണ്ടാവാറുണ്ട്. എന്നാല്‍ തര്‍ക്കങ്ങള്‍ പാര്‍ട്ടിതലത്തില്‍ തന്നെ പരിഹരിക്കുമെന്ന് പാലക്കാട് നഗരസഭാ സീറ്റിന്റെ കാര്യത്തില്‍ ബി.ജെ.പി.യില്‍ കലാപക്കൊടി ഉയരുന്നുണ്ടോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി കൃഷ്ണദാസ് പറഞ്ഞു.

content highlights:bjp will win 38 seats in palakkad municipality says krishnadas