electionപാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസരം കഴിഞ്ഞിട്ടും മുന്നണിസംവിധാനത്തില്‍ മത്സരിക്കുന്നതില്‍ തീരുമാനമാകാതെ എ.ഐ.എ.ഡി.എം.കെ.

സംസ്ഥാനത്ത് എന്‍.ഡി.എ. മുന്നണിയുടെ ഭാഗമായി ജനവിധിതേടാനാണ് പാര്‍ട്ടി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, പടലപ്പിണക്കം കാരണം ഇക്കാര്യത്തില്‍ അന്തിമതീരുമാനമായില്ല. 'ആദ്യം സ്ഥാനാര്‍ഥികളെ നിര്‍ത്താം, ചര്‍ച്ച പിന്നീട്' എന്ന തീരുമാനപ്രകാരം സംസ്ഥാനത്ത് 108 ഇടങ്ങളില്‍ എ.ഐ.എ.ഡി.എം.കെ. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.

തമിഴ്‌നാടിനോട് അതിര്‍ത്തിപങ്കിടുന്ന തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളിലെ അതിര്‍ത്തി താലൂക്കുകളില്‍ സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു എ.ഐ.എ.ഡി.എം.കെ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും ഇവര്‍ക്ക് വാര്‍ഡുകള്‍ ലഭിച്ചിരുന്നു. ഇപ്രാവശ്യം മുന്നണിയുടെ ഭാഗമായി മത്സരിക്കാനാണ് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കളുമായി ചര്‍ച്ചനടത്തിയെങ്കിലും എ.ഐ.എ.ഡി.എം.കെ.യുടെ വിഭാഗീയതകാരണം ചര്‍ച്ചകള്‍ വഴിമുട്ടി. പാലക്കാട് അട്ടപ്പാടിമേഖല കേന്ദ്രീകരിച്ചുള്ള ഒരുവിഭാഗത്തിന് എന്‍.ഡി.എ. മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നതില്‍ താത്പര്യമില്ലാത്തതാണ് വഴിമുടക്കിയത്. ഇതോടെയാണ് ആദ്യം പത്രികനല്‍കാം പിന്നീട് മുന്നണിനേതാക്കളുമായി സംസാരിച്ച് സീറ്റുകളില്‍ ധാരണയിലെത്താം എന്ന് പാര്‍ട്ടി തമിഴ്‌നാട് ഘടകം നിലപാടെടുത്തത്.

അതിനിടെ എ.ഐ.എ.ഡി.എം.കെ. പാര്‍ട്ടിക്കുവേണ്ടി എന്‍.ഡി.എ. സീറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ടെങ്കിലും ദ്രാവിഡപാര്‍ട്ടി നിലപാട് വ്യക്തമാക്കാത്തതിനാല്‍ ഈ പ്രദേശങ്ങളില്‍ ബി.ജെ.പി. സ്വന്തംനിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി. എ.ഐ.എ.ഡി.എം.കെ. സമീപിക്കുകയാണെങ്കില്‍ തുടര്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാമെന്നാണ് ബി.ജെ.പി.യുടെ തീരുമാനം. തമിഴ് സ്വാധീനമുള്ള പ്രദേശങ്ങളില്‍ ഇരു പാര്‍ട്ടികളുടെയും നിലപാടുകള്‍ നിര്‍ണായകമാണ്.

content highlights: AIADMK contest 108 seats in local body election