പാലക്കാട്: തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായ വെള്ളിയാഴ്ച നിരസിച്ചത് 188 പത്രികകളാണെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. അവശേഷിക്കുന്നത് 13,554 പത്രികകളാണ്.

ജില്ലാ-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലുമായാണ് 179 പത്രികകള്‍ തള്ളിയത്. ആകെ ലഭിച്ചത് 13,742 നാമനിര്‍ദേശപത്രികകളാണ്. ഗ്രാമപ്പഞ്ചായത്തുകളില്‍ ലഭിച്ച 10,581 നാമനിര്‍ദേശപത്രികകളില്‍ 174 അപേക്ഷകള്‍ നിരസിച്ചു. 10,407 പത്രികകള്‍ സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്തുകളില്‍ 1,225 പത്രികകളില്‍ നാലെണ്ണം നിരസിച്ചു. 1,221 എണ്ണം സ്വീകരിച്ചു. ജില്ലാപഞ്ചായത്തില്‍ കിട്ടിയ 177 നാമനിര്‍ദേശപത്രികകളും സ്വീകരിച്ചു. നഗരസഭകളില്‍ 1,749 നാമനിര്‍ദേശപത്രികകള്‍ സ്വീകരിച്ചു. 10 എണ്ണം തള്ളി. സ്ഥാനാര്‍ഥികള്‍ക്ക് 23-ന് നാമനിര്‍ദേശപത്രികകള്‍ പിന്‍വലിക്കാന്‍ അവസരമുണ്ട്.

നഗരസഭ: രണ്ടിടത്ത് യു.ഡി.എഫിന് സ്ഥാനാര്‍ഥികളില്ല

പാലക്കാട്: പാലക്കാട് നഗരസഭയിലെ 50-ാം വാര്‍ഡ് വടക്കന്തറയില്‍ യു.ഡി.എഫ് . സ്ഥാനാര്‍ഥി വി.ആര്‍. കുട്ടന്റെ നാമനിര്‍ദേശപത്രിക സൂഷ്മപരിശോധനയില്‍ തള്ളി. ഇവിടെ ഡമ്മി സ്ഥാനാര്‍ഥി പത്രിക നല്‍കിയിരുന്നില്ല. ഇതോടെ എല്‍.ഡി.എഫ്. -എന്‍.ഡി.എ. നേര്‍ക്കുനേര്‍ പോരാട്ടത്തിന് കളമൊരുങ്ങി. ബി.ജെ.പി.യുടെ സിറ്റിങ് സീറ്റായ ഇവിടെ ബി.ജെ.പി. സ്ഥാനാര്‍ഥിയായി പി. ശിവകുമാറും എല്‍ഡി.എഫ്. സ്ഥാനാര്‍ഥി സതീഷുമാണ് മത്സരരംഗത്തുള്ളത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി.ആര്‍. കുട്ടന്‍ നാമനിര്‍ദേശപത്രികയില്‍ സൂചിപ്പിച്ചിരുന്ന ക്രമനമ്പറില്‍ അദ്ദേഹത്തിന് വോട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരിയായ നഗരസഭാ സെക്രട്ടറി പത്രിക തള്ളിയത്.

52-ാം വാര്‍ഡ് ഒലവക്കോട് സൗത്തില്‍ മുസ്ലിംലീഗ് മുന്‍ കൗണ്‍സിലറും സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയിരുന്ന ആളുമായ ബഷീര്‍ അഹമ്മദിന്റെ പത്രിക തള്ളി. കരാറുകാരനായ സ്ഥാനാര്‍ഥി നിലവില്‍ നഗരസഭയില്‍ ജോലിയേറ്റെടുത്ത് നടത്തിവരുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ എടത്തനാട്ടുകര ഡിവിഷനില്‍ എല്‍.ഡി.എഫ്. സ്വതന്ത്രന്‍ കെ. അബൂബക്കറിന്റെ പത്രികയും തള്ളി.

മണ്ണാര്‍ക്കാട്: നഗരസഭയിലെ എട്ടാംവാര്‍ഡ് വടക്കേക്കരയില്‍ യു.ഡി.എഫിന് സ്ഥാനാര്‍ഥിയില്ല. യു.ഡി.എഫ്. പ്രതിനിധിയായിരുന്ന സതീശന്‍ താഴത്തേതിലിന്റെ നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയതോടെയാണിത്.

സമര്‍പ്പിച്ചിരുന്ന രണ്ടുസെറ്റ് പത്രികകളിലും ഒപ്പിട്ടില്ല എന്നതാണ് കാരണം. ഇവിടെ യു.ഡി.എഫാകട്ടെ ഡമ്മി പത്രികയും നല്‍കിയിരുന്നില്ല.

ഇതോടെ ഈ വാര്‍ഡില്‍ എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥിയും നഗരസഭാ വൈസ് ചെയര്‍മാനുമായിരുന്ന ടി.ആര്‍. സെബാസ്റ്റ്യനും എന്‍.ഡി.എ.യിലെ മുന്‍ കൗണ്‍സിലര്‍ പി.എം. ജയകുമാറും തമ്മില്‍ നേര്‍ക്കുനേര്‍ മത്സരത്തിന് കളമൊരുങ്ങി. ഇവിടെ ഒരു സ്വതന്ത്രനും മത്സരരംഗത്തുണ്ട്. കഴിഞ്ഞതവണ ടി.ആര്‍. സെബാസ്റ്റ്യനോട് ഏഴാംവാര്‍ഡില്‍ മത്സരിച്ച സതീശന്‍ താഴത്തേതില്‍ 101 വോട്ടിനാണ് പരാജയപ്പെട്ടിരുന്നത്. എല്‍.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാല്‍ നഗരസഭാ ചെയര്‍മാന്‍സാധ്യത കല്‍പ്പിക്കപ്പെടുന്ന ടി.ആര്‍. സെബാസ്റ്റ്യന്‍ മത്സരിക്കുന്ന വാര്‍ഡ് എന്നനിലയില്‍ ശ്രദ്ധേയമായ വടക്കേക്കരയില്‍ ബി.ജെ.പി.ക്കും ശക്തമായ വോട്ടുബാങ്കുണ്ട്.