തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും കൊള്ളയ്ക്കും കേരളത്തിലെ ജനങ്ങള്‍ വെള്ളപൂശിയെന്ന വിലയിരുത്തല്‍ അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിക്കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ജനങ്ങളോടുള്ള വെല്ലുവിളിയാണ് അത്തരം വിലയിരുത്തല്‍. 

അഴിമതിക്കെതിരായ പോരാട്ടം യുഡിഎഫ് തുടരും. കൂടുതല്‍ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രാദേശിക പ്രശ്‌നങ്ങളും വ്യക്തികളുടെ സ്വാധീനവും കുടുംബ ബന്ധങ്ങളും ഒക്കെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം ലഭിച്ചു. 

എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്നിട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ 2010 ഒഴിച്ചാല്‍ എല്ലാ തവണയും എല്‍ഡിഎഫിനാണ് മുന്‍തൂക്കം ലഭിച്ചിട്ടുള്ളത്. യുഡിഎഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ല. മൂന്ന് കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് ഭരണമുണ്ടാകും. 375 ഗ്രാമ പഞ്ചായത്തുകളിലാണ് യുഡിഎഫിന് മുന്‍തൂക്കം. മുനിസിപ്പാലിറ്റികളിലും യുഡിഎഫ് മുന്നേറി. യുഡിഎഫിന്റെ ജനപിന്തുണയില്‍ ഇടിവ് വന്നിട്ടില്ല. 

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മിന്നുന്ന വിജയം നേടി. കേരള രാഷ്ട്രീയം എങ്ങോട്ടു പോകുന്നു എന്നതിന്റെ സൂചനയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം. കേരളത്തില്‍ ബിജെപിക്ക് യാതൊരു സ്വാധീനവുമില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സ്വാധീനങ്ങളും ഉപയോഗിച്ചുവെങ്കിലും ബിജെപിക്ക് വിജയിക്കാനായില്ല. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സ്വാധീനങ്ങളും ഉപയോഗിച്ചിട്ടും 2015 നെക്കാള്‍ മികച്ച വിജയമുണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചില്ല. 

തന്റെ വാര്‍ഡ് എല്ലാ തവണയും എല്‍ഡിഎഫ് ജയിക്കുന്ന വാര്‍ഡാണെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ചെന്നിത്തല പഞ്ചായത്തില്‍ യുഡിഎഫിനാണ് മുന്നേറ്റമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

Content Highlights: Ramesh Chennithala UDF Kerala Local Body Election 2020