കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് സംസ്ഥാനത്ത് വലിയ തിരിച്ചടി നേരിട്ടപ്പോഴും യു.ഡി.എഫിനെ കൈവിടാതെ എറണാകുളം ജില്ല. 2015 ലെ ഫലം വെച്ചുനോക്കുമ്പോള്‍ ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കാനായെങ്കിലും സംസ്ഥാനത്ത് പൊതുവിലുള്ള തരംഗം എറണാകുളത്ത് സൃഷ്ടിക്കാന്‍ ഇടതുപക്ഷത്തിനായില്ല. എങ്കിലും കൊച്ചി കോര്‍പറേഷനില്‍ അവസാന നിമിഷം നേടിയ അട്ടിമറി വിജയം ഇടതുപക്ഷത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമായിരിക്കില്ല. കിഴക്കമ്പലത്തിന് പുറമെ ആദ്യമായി മത്സരിച്ച ഐക്കരനാട് പഞ്ചായത്തിലും മുഴുവന്‍ സീറ്റുകളും നേടുകയും നാല് പഞ്ചായത്തുകളില്‍ നിര്‍ണായക ശക്തിയാവുകയും ചെയ്ത ജനകീയ കൂട്ടായ്മയായ ട്വന്റി20യുടെ വിജയമാണ് ജില്ലയില്‍ ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് വിജയം.
സംസ്ഥാനത്തെ തന്നെ ഏറ്റവും വാശിയേറിയ മത്സരത്തിനാണ് കൊച്ചി കോര്‍പറേഷന്‍ ഇത്തവണ സാക്ഷ്യം വഹിച്ചത്. അവസാനംവരെ മാറിമറിഞ്ഞ കോര്‍പറേഷനില്‍ അവസാന നിമിഷം എല്‍.ഡി.എഫ് നേരിയ മുന്‍തൂക്കം നേടുകയായിരുന്നു. യുഡിഎഫ് 31 ഡിവിഷനുകളിലും എല്‍ഡിഎഫ് 34 ഡിവിഷനുകളിലും വിജയിച്ചപ്പോള്‍ നാല് സ്വതന്ത്രരും അഞ്ച് എന്‍ഡിഎ സ്ഥാനാര്‍ഥികളും വിജയിച്ചു. കോട്ടയായിരുന്ന കോര്‍പറേഷനില്‍ നേരിട്ട പരാജയവും മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥികളുടെ പരാജയവും വരുംദിവസങ്ങളില്‍ യു.ഡി.എഫില്‍ കലാപങ്ങള്‍ക്ക് തിരികൊളുത്തുമെന്നുറപ്പാണ്. നിലവില്‍ വിജയിച്ച നാല് സ്വതന്ത്രരുടെ നിലപാടുകള്‍ കോര്‍പറേഷന്റെ ഭാവി തീരുമാനിക്കും.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിജയമാണ് സ്വതന്ത്ര കൂട്ടായ്മയായ ട്വന്റി 20 സ്വന്തമാക്കിയത്. 2015 ലെ തിരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്ത് മത്സരിച്ച് വന്‍ ലീഡുമായി ഭരണം പിടിച്ച ട്വന്റി20 ഇത്തവണ ഐക്കരനാട് പഞ്ചായത്തും തൂത്തുവാരി. കിഴക്കമ്പലത്തിനും ഐക്കരനാടിനും പുറമെ മഴുവന്നൂര്‍, കുന്നത്തുനാട് തുടങ്ങിയ പഞ്ചായത്തുകളിലും ട്വന്റി 20 ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ കോര്‍പ്പറേഷനിലേക്ക് മത്സരിച്ച വി ഫോര്‍ കൊച്ചി കൂട്ടായ്മയ്ക്ക് കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ സാധിച്ചില്ല.
ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും കാര്യമായ കോട്ടങ്ങള്‍ സംഭവിക്കാത്തതിലും ചെറിയ നേട്ടങ്ങള്‍ ഉണ്ടാക്കാനായതിലുമുള്ള ആശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. ബി.ജെ.പിക്കും കാര്യമായ മുന്നേറ്റങ്ങളൊന്നും ജില്ലയില്‍ സൃഷ്ടിക്കാനായില്ല. അങ്കമാലി മുനിസിപ്പാലിറ്റി എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുക്കാനായതും യു.ഡി.എഫിന് ആശ്വാസം നല്‍കുന്നു. എന്നാല്‍ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജയിലിലായ മുസ്ലീം ലീഗ് എം.എല്‍.എ ഇബ്രാഹിം കുഞ്ഞിന്റെ നാടായ കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ വിജയം എല്‍.ഡി.എഫിന് രാഷ്ട്രീയ നേട്ടമായി.