അധാര്‍മ്മികമായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അര്‍ഹമായ മറുപടി ജനങ്ങളില്‍ നിന്നുണ്ടാകുമെന്നാണ് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. ബാക്കി ജനമധ്യത്തില്‍ വെച്ച് കാണാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
പറഞ്ഞത് വെറുംവാക്കല്ലെന്ന് തെളിഞ്ഞിരിക്കുകയാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍. കോവിഡും രണ്ട് പ്രളയവും ഓഖിയും ആഞ്ഞുവീശിയ അസാധാരണമായ പ്രതിസന്ധികള്‍ക്കിടയില്‍ പുലര്‍ത്തിയ ഭരണമേന്മയുടെ പ്രതിഫലനമാണ് സംസ്ഥാനത്ത് കാണാനാകുന്നത്. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്കുകളിലും ജില്ലാ പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും എല്‍.ഡി.എഫ്. നടത്തിയ തേരോട്ടം അതിനുള്ള സാക്ഷ്യമാണ്.
ഗ്രാമപഞ്ചായത്തുകളില്‍ കഴിഞ്ഞ തവണത്തേക്കള്‍ നേരിയ കുറവുണ്ടെങ്കിലും ജില്ലാ പഞ്ചായത്ത് സീറ്റുകളിലുണ്ടായ കുതിച്ചുകയറ്റം മറ്റ് ആരോപണങ്ങളുടെയെല്ലാം മുനയൊടിക്കുന്നതാണ്. പ്രാദേശികതലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിബന്ധങ്ങളാണ് വിജയത്തിന്റെ പ്രധാന മാനദണ്ഡമെന്ന നിരീക്ഷണം ഇവിടെ തെറ്റുകയാണ്. 14 ജില്ലാ പഞ്ചായത്തുകളില്‍ പത്തിലും മിന്നുന്ന വിജയം തന്നെയാണ് ഇടതു മുന്നണി അരക്കിട്ടുറപ്പിച്ചത്.
നേരിട്ടത് അസാധാരണ സാഹചര്യത്തെ
അസാധാരണമായ പ്രതിസന്ധികളെയും കടുത്ത പ്രതിപക്ഷ ആക്രമണത്തെയും നേരിട്ടാണ് ഇടതുപക്ഷം ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇടതു മുന്നണിയുടെ വിജയത്തിന്റെ മാറ്റു കൂട്ടുന്നതും ഇതുതന്നെ. മുനിസിപ്പല്‍ തലം മാറ്റി നിര്‍ത്തിയാല്‍ മറ്റു രണ്ടു പഞ്ചായത്ത് തലങ്ങളിലും കോര്‍പ്പറേഷനുകളിലും തലയെടുപ്പുള്ള വിജയം നേടുമ്പോള്‍, കൂട്ടായ ആക്രമണത്തിന്റെ മുനയാണ് ഒടിഞ്ഞു പോയിരിക്കുന്നത്.
ഭരണത്തിന്റെ അവസാന വര്‍ഷത്തിലാണ് സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍. പതിവുപോലെ അവസാന വര്‍ഷം വിവാദങ്ങളുടെ കൊടുങ്കാറ്റില്‍പെട്ട് ആടിയുലയുകയായിരുന്നു ഇടതു മുന്നണി സര്‍ക്കാരും. യു.ഡി.എഫും എന്‍.ഡി.എയും ഇടതടവില്ലാതെ ആക്രമണം അഴിച്ചു വിടുമ്പോഴും അതിന് വലിയ തോതില്‍ പ്രതികരണം ലഭിച്ചില്ലെന്നു വേണം കരുതാന്‍. കേരളത്തിലെ ഒരു സര്‍ക്കാരും നേരിട്ടിട്ടില്ലാത്ത വലിയൊരു അഗ്നിപരീക്ഷണമാണ് 2020 മുന്നോട്ടുവെച്ചത്.
ലോകം തന്നെ കോവിഡ് പ്രതിസന്ധിയില്‍ പകച്ചു നിന്നപ്പോള്‍ കേരളം അതിനെ അര്‍ത്ഥവത്തായി നേരിടുകയായിരുന്നു. പലപ്പോഴും ഇതാണ് മാതൃക എന്ന് എതിരാളികളെ കൊണ്ടുപോലും സമ്മതിപ്പിച്ച ഭരണമികവ്. പ്രതിപക്ഷത്തെ സംബന്ധിച്ച് കോവിഡ് പോരാട്ടവും ഒരു ഘട്ടത്തില്‍ വലിയ പ്രചരണായുധമായിരുന്നു.
ലോകമാധ്യമങ്ങളിലും സയന്‍സ് ജേണലുകളിലും സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയെ പ്രകീര്‍ത്തിച്ച് ലേഖനങ്ങള്‍ വന്നത് ഭരണകൂടത്തിനു നല്‍കിയ മൈലേജ് സുവ്യക്തമായിരുന്നു. ലോക്ഡൗണ്‍ ആദ്യം പ്രഖ്യാപിച്ചും കോവിഡ് ചികിത്സ സൗജന്യമായി സംസ്ഥാനത്തുടനീളം നല്‍കിയതും ജനം മറന്നില്ല. ആദ്യ രണ്ട് ഘട്ടങ്ങളില്‍ കേരളത്തിന് കോവിഡിനെ തളച്ചിടാന്‍ കഴിഞ്ഞെങ്കിലും മൂന്നാം തരംഗത്തില്‍ കേസുകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് വലിയ രീതിയിലുള്ള വിമര്‍ശനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നു കേട്ടത്.
എന്നാല്‍ അത് സ്വാഭാവികമായ വര്‍ധനയാണെന്നും മരണസംഖ്യ അപ്പോഴും കേരളത്തില്‍ കുറഞ്ഞു നിന്നുവെന്നതും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആവര്‍ത്തിച്ചു പറഞ്ഞു. അസാധാരണമായ പ്രളയങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും അഭിമുഖീകരിച്ചപ്പോഴും കിഫ്ബിയിലൂടെയും മറ്റ് കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം പോവാതെ സര്‍ക്കാര്‍ പിടിച്ചു നിന്നു.
പ്രകടനപത്രികയിലെ ബഹുഭൂരിപക്ഷം വാഗ്ദാനങ്ങളും നിറവേറ്റിയതിന്റെ പട്ടിക എണ്ണിയെണ്ണി പറഞ്ഞ് വികസനവും രാഷ്ട്രീയവും പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷത്തിന് ഓരോഘട്ടത്തിലും ഇടതുപക്ഷം മറുപടി നല്‍കിയത്. ലോകം മുഴുവന്‍ സാധാരണക്കാര്‍ സാമ്പത്തികമായി അസ്ഥിരത കോവിഡ് കാലത്ത് അനുഭവിച്ചപ്പോള്‍ ക്ഷേമ പെന്‍ഷന്‍ 1600 ആക്കി ഉയര്‍ത്തിയതും ആറ് മാസത്തെ തുക ഒറ്റത്തവണയായി പല കുടുംബങ്ങളും എത്തിയതും വലിയ ആശ്വാസമാണ് നല്‍കിയത്.
കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി കേരളത്തിലെ പൊതുവിദ്യാലങ്ങളിലുണ്ടായ വന്‍വികസനവും മാറ്റങ്ങളും പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ തിരിച്ചുവരവും സര്‍ക്കാരിന്റെ ആത്മവിശ്വാസത്തിനു ശക്തിയേകി.
ലൈഫ് മിഷന്‍ ആര്‍ക്കാണ് ഗുണം ചെയ്തത്?
ഒരു ലക്ഷത്തിലധികം പാവപ്പെട്ടവര്‍ക്ക് സ്വന്തമായി വീട് ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ ഉറപ്പു വരുത്തിയപ്പോള്‍ അതിലെ പിഴവുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് സര്‍ക്കാരിനെതിരേ പ്രതിപക്ഷം പ്രതിരോധം തീര്‍ത്തത്. എന്നാല്‍, പദ്ധതിയേ നിര്‍ത്തലാക്കുമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന തിരിഞ്ഞുകൊത്തിയെന്നു വേണം കരുതാന്‍.
ലൈഫ് പദ്ധതിയിലെ അഴിമതി ചൂണ്ടിക്കാട്ടി അനില്‍ അക്കര എം.എല്‍.എ. ഉയര്‍ത്തിക്കൊണ്ടു വന്ന ആരോപണങ്ങളും തിരഞ്ഞെടുപ്പില്‍ ക്ലച്ചു പിടിച്ചില്ല. എന്നാല്‍ വടക്കാഞ്ചേരിയിലെ വോട്ടെണ്ണിയപ്പോള്‍ ഇടതുപക്ഷം നേടിയത് 21 സീറ്റ്. യു.ഡി.എഫിന് 16. യു.ഡി.എഫിനു കിട്ടിയത് കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റ് അധികം.
ചുവന്നത് പുതുപ്പള്ളിയും
ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്ത് 25 വര്‍ഷത്തിന് ശേഷമാണ് എല്‍.ഡി.എഫ്. പിടിച്ചെടുക്കുന്നത്. ജോസ് കെ. മാണി ഇഫക്ടിനു ചെറുതല്ലാത്ത പങ്കുണ്ട് ഈ ജയത്തില്‍. അത് ഇവിടെ മാത്രം ഒതുങ്ങി നിന്നില്ല. കോട്ടയത്താകെയും ഇടുക്കിയിലും പത്തനംതിട്ടയിലും ഇതു പ്രതിഫലിച്ചു.
കേന്ദ്രമന്ത്രി വി. മുരളീധരന്‍ വോട്ടു ചെയ്ത തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഉള്ളൂര്‍, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കല്ലാമല ഡിവിഷന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡ് എന്നിവിടങ്ങളിലെ എല്‍.ഡി.എഫ്. വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ട്. മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ഡടങ്ങുന്ന പഞ്ചായത്തും വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയും ഇടതുകയ്യില്‍നിന്ന് പോയില്ല. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ആരോപണങ്ങള്‍ക്ക് വിധേയനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ പൊന്നാനി മുനിസിപ്പാലിറ്റിയും ഇടതുപക്ഷം നിലനിര്‍ത്തി.
തിരിച്ചടിച്ച ആരോപണങ്ങള്‍
കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യമന്ത്രിയുടെ മാര്‍ക്ക് കൂടുന്നതു കണ്ടപ്പോഴാണ് സകലരും വീട്ടിലിരുന്ന സമയത്ത് പ്രതിപക്ഷം സട കുടഞ്ഞെഴുന്നേറ്റത്. കണ്ടെയ്ന്‍മെന്റ് മെത്തേഡല്ല, മിറ്റിഗേഷന്‍ മെത്തേഡാണ് കേരളം കൈക്കൊള്ളേണ്ടത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാദം. മിറ്റിഗേഷന്‍ പിന്തുടര്‍ന്ന അമേരിക്ക കോവിഡ് പ്രതിരോധത്തില്‍ എവിടെ നില്‍ക്കുന്നുവെന്നത് പിന്നീട് ലോകം കണ്ടതാണ്.
ചൂടില്‍ കൊറോണ വൈറസിന് നിലനില്‍പ്പില്ലെന്നും കോവിഡ് ചാവുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് തമാശയായി ജനം എടുത്തു. ചൂടില്‍ വൈറസ് വ്യാപന സാധ്യത കൂടുതലാണെന്ന പഠനമാണ് പിന്നീട് പുറത്തു വന്നത്. വലിയ ആള്‍ക്കൂട്ടത്തെ ഉള്‍പ്പെടുത്തിക്കൊണ്ടു നടത്തിയ പ്രതിഷേധ സമരങ്ങളും ജനം ആശങ്കയോടെയാണ് കണ്ടു.
കോവിഡ് പറഞ്ഞ് മന്ത്രിയും സര്‍ക്കാരും ജനത്തെ പേടിപ്പിക്കുകയാണെന്ന് കോവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്തിയ ആദ്യഘട്ടത്തില്‍ പ്രതിപക്ഷനേതാവില്‍നിന്ന് ഉണ്ടായത്. മന്ത്രി കെ.കെ. ശൈലജയെ മീഡിയ മാനിയാക്ക് എന്ന് വിളിച്ച പ്രതിപക്ഷ നേതാവ് നിരന്തരം വാര്‍ത്താ സമ്മേളനം നടത്തി.
സ്വര്‍ണ്ണക്കള്ളക്കടത്തും കേന്ദ്ര ഏജന്‍സികളും
സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള അതീവ ഗുരുതരമായ ആരോപണങ്ങള്‍ സര്‍ക്കാര്‍ നേരിട്ടത് തുണയാകുമെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു യു.ഡി.എഫും ബി.ജെ.പിയും. സ്ഥാനാര്‍ത്ഥിയുടെ പ്രാദേശികബന്ധങ്ങള്‍ ഉയര്‍ത്തി ആശ്വസിക്കാനേ ഇനി കഴിയൂ. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്ര കനപ്പെട്ട ആരോപണങ്ങള്‍ കണക്കിലെടുക്കേണ്ടെന്നും ഒരുപക്ഷെ, വോട്ടര്‍മാര്‍ കരുതിയിട്ടുണ്ടാവും.
കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ നീക്കങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞത് പ്രവര്‍ത്തകരെ ഉത്തേജിപ്പിച്ചിട്ടുണ്ടാവണം. ഇടതുപക്ഷത്തിനും യു.ഡിഎഫിനും ഇടയില്‍ ബി.ജെ.പിയുടെ സാന്നിധ്യം ഇക്കുറിയെങ്കിലും ഇടതുപക്ഷത്തിന് അനുഗുണമായെന്നു വേണം വിലയിരുത്താന്‍.
content highlights: LDF Victory in Kerala Local Body election, analytical report