തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് കേരളത്തിലെ ജനങ്ങൾ നൽകിയ വലിയ പിന്തുണയിൽ കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്ന് എൽഡിഎഫ് കൺവീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവൻ. കേരളത്തിലെ എല്ലാ ജനങ്ങൾക്കും അഭിമാനിക്കാൻ കഴിയുന്ന മുഹൂർത്തമാണിത്. നാടിന്റെ നന്മകളെ തകർക്കാൻ നടത്തിയ പ്രവർത്തനങ്ങളെ നിരാകരിക്കുന്നതിൽ കേരളം വിജയിച്ചു. അത് നാടിനെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുൻ തിരഞ്ഞെടുപ്പുകളിൽ നിന്നെല്ലാം വ്യത്യസ്തമായി മുഖ്യമന്ത്രിക്കും ഇടതുപക്ഷ മുന്നണിക്കും എതിരായി വലിയ കളവുകളും ദുഷ്പ്രചരണങ്ങളുമാണ് ഇത്തവണ പ്രതിപക്ഷം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു തിരഞ്ഞെടുപ്പുകാലത്തും കേരളത്തിൽ ഇത്രയേറെ വിഷലിപ്തമായ അപവാദ പ്രചരണങ്ങളും അസത്യങ്ങളും കേട്ടിട്ടില്ല. എന്നാൽ കേരളത്തിലെ ജനങ്ങൾ ആ പ്രചാരണങ്ങൾ വിശ്വസിച്ചില്ലെന്നു മാത്രമല്ല ഇടതുപക്ഷ മതനിരപേക്ഷ പ്രസ്ഥാനങ്ങളോടും കേരളത്തിൽ ഇന്ന് അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളോടുമുള്ള പിന്തുണയുമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രകടിപ്പിച്ചിരിക്കുന്നത്. സർക്കാർ വളരെ പ്രയാസകരമായ ഒരു കാലത്തെയാണ് അഭിമുഖീകരിച്ചത്. പ്രകൃതി ദുരന്തങ്ങൾ, കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രനികുതി വിഹിതം കൃത്യമായി തരാതിരുന്നത് തുടങ്ങി ഒട്ടേറെ പ്രയാസം നേരിട്ടപ്പോഴും ജനങ്ങൾക്കു വേണ്ടിയുള്ള കരുതൽ ഒരിക്കലും മാറ്റിവെക്കാത്ത സർക്കാരാണ് അധികാരത്തിലിരുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
''സർക്കാരിനെതിരായി തെറ്റായ ആരോപണങ്ങൾ മുന്നോട്ടു കൊണ്ടുവരികയും വിവാദങ്ങൾ ഉണ്ടാക്കുവാൻ ശ്രമിക്കുകയും ചെയ്തു. വിവിധ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളെ പോലും തടയുന്ന രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടുപോയി. ബി.ജെ.പി, യു.ഡി.എഫ്, മുസ്ലിം മതമൗകലികവാദ ശക്തികൾ എന്നിവരെ ഒരുമിപ്പിച്ചു നിർത്തിയാണ് കേരളത്തിലെ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സർക്കാരിനെ അട്ടിമറിക്കാൻ പ്രചാരണങ്ങൾ നടത്തിയത്. സ്വാഭാവികമായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വലിയ പ്രാരണങ്ങൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും നടത്തി.''
പക്ഷേ കേരളത്തിലെ സാധാരണ ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സർക്കാരും ഇടതുപക്ഷപ്രസ്ഥാനവും ഉയർത്തിപ്പിടിക്കുന്ന ശരിയായ മൂല്യങ്ങൾക്ക് ഒപ്പം നിൽക്കാനാണ് ജനങ്ങൾ തയ്യാറായതെന്നും വിജയരാഘവൻ പറഞ്ഞു. യു.ഡി.എഫ് ഈ തിരഞ്ഞെടുപ്പിൽ സ്വീകരിച്ച അവസരവാദപരമായ രാഷ്ട്രീയ നിലപാടുകളുടെ പ്രതിഫലനമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: A vijayaraghavan about local body election result | Kerala Local Body Election 2020 | Kerala Local Body Election