കൊണ്ടോട്ടി: കഴിഞ്ഞതവണ ഭാര്യമാര്‍ അങ്കംവെട്ടിയ വാര്‍ഡില്‍ ഇത്തവണ പോരിനിറങ്ങുന്നത് അവരുടെ ഭര്‍ത്താക്കന്‍മാര്‍. നഗരസഭയിലെ 22-ാം വാര്‍ഡ് ചോലമുക്കിലാണ് കഴിഞ്ഞതവണ മത്സരിച്ചിരുന്നവരുടെ ഭര്‍ത്താക്കന്‍മാര്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്.

വാര്‍ഡില്‍ യു.ഡി.എഫിനുവേണ്ടി സി.കെ. ആസിഫും എല്‍.ഡി.എഫിനുവേണ്ടി സി.കെ. മൂസയുമാണ് സ്ഥാനാര്‍ഥികള്‍. ഇരുവരും കുടുംബക്കാരുമാണ്.

കഴിഞ്ഞതവണ മുസ്ലിംലീഗിനുവേണ്ടി ആസിഫിന്റെ ഭാര്യ വാരിക്കല്‍ ഷറീനയും മതേതരമുന്നണിക്കുവേണ്ടി എല്‍.ഡി.എഫ്. സ്വതന്ത്രയായി മൂസയുടെ ഭാര്യ വല്ലാഞ്ചിറ സൈനബയുമാണ് മത്സരിച്ചിരുന്നത്.

വാര്‍ഡ് നിലനിര്‍ത്താന്‍ ആസിഫും അട്ടിമറി വിജയം ലക്ഷ്യമിട്ട് മൂസയും കളത്തിലിറങ്ങുമ്പോള്‍ മത്സരം കടുക്കുമെന്ന് ഉറപ്പാണ്. കൃഷിക്കാരനായ മൂസ സി.പി.ഐ. മുസ്ലിയാരങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. റേഷന്‍കട നടത്തുന്ന ആസിഫ് മുസ്ലിംലീഗ് വാര്‍ഡ് സെക്രട്ടറിയുമാണ്.