മലപ്പുറം: തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നുള്ള അങ്കലാപ്പിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെപ്പോലുള്ള സംഘടനകളുമായി തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് കൂട്ടുകെട്ടുണ്ടാക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍.

കോണ്‍ഗ്രസിന്റെ പിന്തുണയോടെയുള്ള ലീഗിന്റെ ഈ നീക്കം ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ്. സംഘപരിവാര്‍ പിന്തുണയോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന തീവ്രഹിന്ദുത്വ അജന്‍ഡയെ സഹായിക്കുന്നതുമാണ് ഇത്തരം നീക്കങ്ങള്‍.

യു.ഡി.എഫ്. അതിദുര്‍ബലാവസ്ഥയിലാണ്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം വിട്ടുപോയതാണ് ഇതിനുള്ള പ്രധാനകാരണം. സംഘപരിവാറിന്റെ അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ തീവ്രഹിന്ദുത്വ നിലപാടുമായി മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഭാഗമായി കേന്ദ്രം പല നിയനിര്‍മാണങ്ങളും നടത്തുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ശിഷ്യത്വം സ്വീകരിച്ചിരിക്കുകയാണ് ലീഗ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എം. ഇത്തരത്തിലുള്ള കൂട്ടുകെട്ടുകളിലേര്‍പ്പെട്ടിരുന്നല്ലോ എന്ന ചോദ്യത്തിന് നേതൃത്വത്തിന്റെ അറിവോടെ അത്തരം കൂട്ടുകെട്ടിലേര്‍പ്പെട്ടിരുന്നില്ലെന്നായിരുന്നു മറുപടി. പ്രാദേശിക തലത്തില്‍ എവിടെയെങ്കിലും കൂട്ടുകെട്ട് ഉണ്ടായോ എന്ന് അറിയില്ല.

തീവ്രഹിന്ദുത്വം ഇപ്പോള്‍ അപകടകരമായ രീതിയില്‍ പ്രകടമാണ്. പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് ഇക്കാര്യം ബോധ്യമായിട്ടുണ്ട്. അതിനാല്‍ ഇത്തവണ മലപ്പുറത്തുപോലും ഇടതുകക്ഷികള്‍ മികച്ച പ്രകടനം കാഴ്ചവെക്കും.

കേന്ദ്ര സര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇതിനെ ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുക്കും. ഇതിന്റെ ഭാഗമായി 25-ന് പഞ്ചായത്തുതലത്തില്‍ ആയിരങ്ങളെ അണിനിരത്തി പ്രക്ഷോഭംനടത്തും.

യു.ഡി.എഫ്. നേതാക്കള്‍ക്കെതിരേ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം പണം കൈപ്പറ്റിയെന്ന് ആരോപണത്തിന്റെ വെളിച്ചത്തിലാണ്. പണം നല്‍കിയ വ്യക്തിതന്നെയാണ് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത്. യു.ഡി.എഫ്. നേതാക്കള്‍ക്കെതിരേ നടത്തുന്ന അന്വേഷണത്തെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തോട് താരതമ്യം ചെയ്യാനാവില്ല.

അഴിമതിയുമായി ബന്ധപ്പെട്ട് രണ്ട് ലീഗ് എം.എല്‍.എ.മാര്‍ അറസ്റ്റിലായിക്കഴിഞ്ഞു. ഇനിയും പലര്‍ക്കെതിരേയും അന്വേഷണം നടക്കുകയാണ്.

സി.പി.എം. നല്‍കുന്ന ലിസ്റ്റ് അനുസരിച്ചാണ് നേതാക്കള്‍ക്കെതിരേ കേസെടുക്കുന്നതെന്ന ലീഗ് ആരോപണത്തെക്കുറിച്ച് ലീഗ് കണ്ണാടിയില്‍ സ്വന്തം മുഖം നോക്കട്ടെയെന്നായിരുന്നു വിജയരാഘവന്റെ മറുപടി.

സി.പി.എം. ജില്ലാസെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക്, സെക്രട്ടറി കെ.പി.എം. റിയാസ് എന്നിവരും പങ്കെടുത്തു