മലപ്പുറം: പത്രികയെത്തിക്കാന്‍ ഇനി രണ്ടേ രണ്ടുനാള്‍. കളക്ടറേറ്റുകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും സ്ഥാനാര്‍ഥികളുടെ ഒഴുക്ക് തകൃതിയായിത്തന്നെ. ടോക്കണ്‍ വെച്ചതിനാല്‍ തള്ളിക്കയറ്റമില്ല. പക്ഷേ, അവസാന ദിവസങ്ങളിലെ ഓട്ടപ്പാച്ചില്‍ ഇക്കുറിയുമുണ്ട്. 'എന്താ നേതാവേ, നന്നായിക്കൂടെ' എന്ന് ചോദിച്ചാല്‍ 'ഇതൊക്കെയല്ലേ ഒരു രസ'മെന്ന് മറുപടി.

പല വഴികളിലൂടെയാണ് സ്ഥാനാര്‍ഥികളുടെ വരവ്. സ്വതന്ത്രര്‍ക്കും വിമതര്‍ക്കും ഏത് വഴിയും സ്വീകരിക്കാം. ഒളിഞ്ഞും തെളിഞ്ഞും ഞെളിഞ്ഞും വരാം. പാര്‍ട്ടിയില്‍നിന്ന് 'മതിലുചാടി' എത്തുന്നവര്‍ക്ക് എന്തുമാകാമല്ലോ. പാര്‍ട്ടിക്കാര്‍ക്ക് പക്ഷേ, ഇമ്മാതിരി കുറുക്കുവഴികള്‍ പറ്റില്ല. ഒരുവഴിയേ ഉള്ളൂ, നേര്‍വഴി.

സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ ഓരോ പാര്‍ട്ടിക്കും ചിട്ടവട്ടങ്ങളുണ്ട്. എത്ര ഉന്നതനായാലും ആ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നാണ് വെപ്പ്. കമ്മിറ്റിയുടെ തീരുമാനം കണ്ണടച്ച് സ്വീകരിക്കണം. 'അതിനൊന്നും പറ്റില്ലാ' എന്നാണെങ്കില്‍ 'നിങ്ങള്‍ക്ക് നിങ്ങളുടെ വഴി, പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ വഴി'. ഈ കടുംപിടിത്തമാണ് വിമതന്മാര്‍ക്ക് ജന്മം നല്‍കുന്നത്.

പത്രികാസമര്‍പ്പണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പലയിടത്തും തര്‍ക്കം തുടരുകയാണ്. അതിനിടയിലാണ് വിമതന്മാരുടെ 'സ്വതന്ത്ര' വിഹാരം. എന്നുകരുതി, പാര്‍ട്ടി രീതികളില്‍ ജനാധിപത്യമില്ലെന്ന് പറഞ്ഞൂടാ. അതത് വാര്‍ഡ് കമ്മിറ്റികളുടെ അഭിപ്രായം പരിഗണിച്ചാണ് എല്ലാവരും സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്. കൂടുതല്‍ യോഗ്യന്മാരുള്ളതാണ് പ്രശ്‌നം.

പ്രധാന പാര്‍ട്ടികളില്‍ സ്ഥാനാര്‍ഥി തീരുമാനം ഇങ്ങനെ

മുസ്ലിം ലീഗ്
:ഗ്രാമപ്പഞ്ചായത്ത്, നഗരസഭ: വാര്‍ഡ് കമ്മിറ്റികള്‍ കണ്ടെത്തും. പഞ്ചായത്ത്, നഗരസഭാ പാര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപിക്കും.

ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, കോര്‍പ്പറേഷന്‍: അതത് ഘടകങ്ങള്‍ ശുപാര്‍ശചെയ്യും. തീരുമാനം ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ്.

സി.പി.എം.
:ഗ്രാമപ്പഞ്ചായത്ത്, നഗരസഭ: അതത് കമ്മിറ്റികളുടെ നിര്‍ദേശത്തില്‍ ഏരിയാ കമ്മിറ്റി തീരുമാനിക്കും.

ബ്ലോക്ക് പഞ്ചായത്ത്: ബ്ലോക്ക് കമ്മിറ്റി നിര്‍ദേശിക്കും. ജില്ലാ കമ്മിറ്റി അംഗീകരിക്കും.

ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍: ജില്ലാകമ്മിറ്റി തീരുമാനിക്കും. സംസ്ഥാന കമ്മിറ്റി അംഗീകരിക്കും.

കോണ്‍ഗ്രസ്
:ഗ്രാമപ്പഞ്ചായത്ത്, നഗരസഭ: അതത് ഉപസമിതികള്‍ തീരുമാനിക്കും. തര്‍ക്കമുണ്ടെങ്കില്‍ മണ്ഡലം, ജില്ലാ ഉപസമിതികളിലേക്ക്.

ബ്ലോക്ക് പഞ്ചായത്ത്: ബ്ലോക്ക് കമ്മിറ്റി നിര്‍ദേശിക്കും. ജില്ലാ ഉപസമിതി തീരുമാനിക്കും.

ജില്ലാ പഞ്ചായത്ത്: തീരുമാനം ജില്ലാ ഉപസമിതി. കോര്‍പ്പറേഷന്‍: കോര്‍പറേഷന്‍ ഉപസമിതി തീരുമാനിക്കും.

ബി.ജെ.പി.
:ഗ്രാമപ്പഞ്ചായത്ത്, നഗരസഭ: അതത് കമ്മിറ്റി നിര്‍ദേശിക്കും. തീരുമാനം മണ്ഡലം കമ്മിറ്റി.

ബ്ലോക്ക് പഞ്ചായത്ത്: പഞ്ചായത്ത് കമ്മിറ്റികളുടെ അഭിപ്രായത്തില്‍ മണ്ഡലം കമ്മിറ്റി തീരുമാനിക്കും.

ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍: മണ്ഡലം കമ്മിറ്റികള്‍ നിര്‍ദേശിക്കും. തീരുമാനം ജില്ലാകമ്മിറ്റി.

സി.പി.ഐ.
:ഗ്രാമപ്പഞ്ചായത്ത്, നഗരസഭ: തീരുമാനം ലോക്കല്‍ കമ്മിറ്റി. പ്രഖ്യാപനം മണ്ഡലം കമ്മിറ്റി.

ബ്ലോക്ക് പഞ്ചായത്ത്: ബ്ലോക്ക് ഉപസമിതിയും മണ്ഡലം കമ്മിറ്റിയും നിര്‍ദേശിക്കും. ജില്ലാ എക്‌സിക്യുട്ടീവ് തീരുമാനിക്കും.

ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍: തീരുമാനം ജില്ലാ എക്‌സിക്യുട്ടീവ്.