മലപ്പുറം: വണ്ടൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് യുഡിഎഫും എല്‍ഡിഎഫും മാറി മാറി ജയിച്ചിരുന്നതാണ്. എന്നാലിത്തവണ താമര ചിഹ്നത്തില്‍ ടി.പി.സുല്‍ഫത്ത് കൂടി എത്തിയതോടെ മത്സര ചിത്രം മാറുകയാണ്. മലപ്പുറത്ത് ബിജെപിക്കായി തട്ടമിട്ട സ്ഥാനാര്‍ഥി മത്സരിക്കാനിറങ്ങിയത് ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നുമുണ്ട് ബിജെപി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയിടെ കട്ട ഫാനായ തനിക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം നാട്ടുകാര്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കാനുള്ള ഒരവസരമാണിതെന്നാണ് സുല്‍ഫത്ത് പറയുന്നത്. സ്മൃതി ഇറാനിയെ പോലെ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും അവര്‍ പറയുന്നു.

മുത്തലാഖ്, വിവാഹ പ്രായം ഉയര്‍ത്തല്‍ തുടങ്ങിയ പ്രധാനമന്ത്രിയുടെ വീക്ഷണങ്ങള്‍ തന്നെ ഏറെ ആകര്‍ഷിച്ചു. 10 ക്ലാസില്‍ വിവാഹിതയായ തനിക്ക് അനുഭവങ്ങളാണ് ഇത്തരം നിയമങ്ങളെ പിന്തുണയ്ക്കാനിടയാക്കിയതെന്നും സുല്‍ഫത്ത് പറയുന്നു.

2014-ല്‍ മോദി അധികാരത്തിലേറിയത് മുതല്‍ അദ്ദേഹത്തിന്റെ ഫാനാണ്. പക്ഷേ അത് എങ്ങനെ തുറന്ന് പ്രകടിപ്പിക്കണമെന്നറിയില്ലായിരുന്നു. യുഡിഎഫ് അനുഭാവികളായ കുടുംബമാണ് തന്റേത്. പരസ്യമായി പ്രചാരണത്തിന് അവരില്ലെങ്കിലും ബിജെപിക്കായി മത്സരിക്കുമ്പോള്‍ കുടുംബത്തിന്റെ പിന്തുണയുണ്ടെന്നും സുല്‍ഫത്ത് പറയുന്നു. എന്നാല്‍ കുടുംബക്കാര്‍ തനിക്ക് വോട്ടുചെയ്യുമെന്ന ഉറപ്പും സുല്‍ഫത്തിനില്ല.

പൗരത്വ നിയമത്തെ കുറിച്ചുള്ള അഭിപ്രായം ആരഞ്ഞപ്പോള്‍, അതിനെ കുറിച്ച് ഞാന്‍ പഠിച്ചിട്ടില്ലെന്നും ഇപ്പോള്‍ അതിനെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നില്ലെന്നായിരുന്നു സുല്‍ഫത്തിന്റെ മറുപടി. 

ചെറിയ രീതിയിലുള്ള റിയല്‍ എസ്റ്റേറ്റും വാഹന കച്ചവടവുമാണ് തന്റെ വരുമാനമാര്‍ഗമെന്നും അവര്‍ വ്യക്തമാക്കി. വണ്ടൂര്‍ ആറാം വാര്‍ഡില്‍ എല്‍ഡിഎഫിനായി അന്‍സിയും യുഡിഎഫിനായി വി.എം.സീനയുമാണ് മത്സര രംഗത്തുള്ളത്. തന്റെ വരവോടുകൂടി വാര്‍ഡ് ത്രികോണ മത്സരത്തിലായെന്നാണ് സുല്‍ഫത്തിന്റെ അവകാശവാദം. എല്‍ഡിഎഫിലും യുഡിഎഫിലുമായിരുന്ന യുവാക്കളും തനിക്ക് വേണ്ടി പ്രചാരണത്തിനുണ്ടെന്നും അത് വോട്ടായി മാറുമോയെന്ന് കണ്ടറിയണമെന്നും സുല്‍ഫത്ത് പറയുന്നു. സുല്‍ഫത്തിന്റെ ഭര്‍ത്താവ് വിദേശത്താണ്. രണ്ട് മക്കളുടെ അമ്മ കൂടിയാണ് സുല്‍ഫത്ത്.

content highlights: wandoor bjp candidate-sulfath