മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്‌ളോഗര്‍മാര്‍ക്കെന്തു കാര്യം എന്ന ചോദ്യത്തിനു പോരൂരില്‍ പ്രസക്തിയില്ല. തിരഞ്ഞെടുപ്പ് എന്താണെന്ന് പറഞ്ഞു പഠിപ്പിക്കുകയാണ് നാട്ടുകാരുടെ പ്രിയപ്പെട്ട വ്‌ളോഗര്‍ ദമ്പതിമാര്‍.

സമൂഹമാധ്യമങ്ങളില്‍ ഒന്നര ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള വണ്ടൂര്‍ പോരൂര്‍ സ്വദേശികളായ മുഹമ്മദ് ബാസിലും സി. നൗഫയുമാണ് തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വ്യൂവേഴ്സിനെ കാണിക്കാന്‍ സ്ഥാനാര്‍ഥികളായി രംഗത്തിറങ്ങിയത്.

തിരഞ്ഞെടുപ്പ് നടപടികളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു പകരുന്നതിനൊപ്പം അനുഭവങ്ങളും ഇവര്‍ സാമൂഹിക മാധ്യങ്ങളില്‍ പങ്കുവെക്കുന്നു. നാമനിര്‍ദേശ പത്രിക വാങ്ങുന്നതും ഓഫീസിലെ കാത്തിരിപ്പും പ്രചാരണവുമെല്ലാം ഇവര്‍ യൂട്യൂബില്‍ ബോറടിയില്ലാതെ കാണിക്കുന്നുണ്ട്.

സ്വന്തംവാര്‍ഡായ 12 എസ്.സി. സംവരണമാണ്. അതിനാല്‍ വനിതാവാര്‍ഡായ 13-ല്‍ നൗഫ പോരിനിറങ്ങുമ്പോള്‍ 16-ലാണ് ബാസിലിന്റെ അങ്കം. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്തുണയില്ലാതെ സ്വതന്ത്രരായാണ് പോരാട്ടം.

നൗഫ വൈബ്സ്, നൗഫ കിച്ചണ്‍ എന്നീ യൂട്യൂബ് ചാനലുകളുടെ ഉടമകളായ ഇരുവരുടേയും വീഡിയോ ഇതിനകം ഹിറ്റായിക്കഴിഞ്ഞു.?