എടപ്പാള്‍: അപകടത്തില്‍ വലതുകൈ നഷ്ടപ്പെട്ടിട്ടും തളരാതെ ക്രിക്കറ്റ് കളിയിലും മരംകയറ്റത്തിലുമെല്ലാം മികവുതെളിയിച്ച വിഷ്ണുവും ബാലറ്റ് യുദ്ധത്തിലേക്ക്.

വട്ടംകുളം തൈക്കാട് പൊക്കഞ്ചേരി രാജന്‍, ഷീബ ദമ്പതിമാരുടെ മകന്‍ വിഷ്ണു ഇത്തവണ ഗ്രാമപ്പഞ്ചായത്തിലെ തൈക്കാട് ആറാം വാര്‍ഡില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്.

നാലുവയസുള്ളപ്പോള്‍ ബസ് യാത്രയ്ക്കിടെ സീറ്റില്‍നിന്ന് കൈ പുറത്തേക്കിട്ടപ്പോഴായിരുന്നു വിഷ്ണുവിന്റെ ജീവിതത്തില്‍ ആ ദുരന്തമുണ്ടായത്. വലതുകൈ എതിരെ വന്ന ലോറിയില്‍ തട്ടുകയായിരുന്നു.

തകര്‍ന്നുപോയ നിമിഷങ്ങളില്‍നിന്ന് വട്ടംകുളത്തെ ഗ്രീന്‍ സിറ്റി ക്ലബ്ബിലൂടെയാണ് വിഷ്ണു ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

ക്രിക്കറ്റും വോളിബോളും ഫുട്ബോളുമെല്ലാം കളിച്ച് രണ്ടു കൈയുമുള്ളവരെപ്പോലും വിസ്മയിപ്പിച്ച വിഷ്ണു മറ്റുള്ളവരെക്കാള്‍ വേഗത്തില്‍ നീന്തിയും ഏതു വലിയ മരത്തിലും കയറിയുമെല്ലാം നാട്ടുകാരുടെ പ്രിയങ്കരനായിരുന്നു.

സ്റ്റിച്ച് ബോളിലും അനായാസം സിക്‌സറുകള്‍ പായിച്ച് ശ്രദ്ധേയനായ വിഷ്ണു ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഒരു കൈ പയറ്റിനോക്കാനിറങ്ങുകയാണ്.