വള്ളിക്കുന്ന്: വീഴ്ചകളില്‍ തളര്‍ന്ന് വീട്ടിലിരിക്കാന്‍ കഴിയാത്തതിനാല്‍ വിനോദ് ഈ ഭിന്നശേഷി ദിനത്തിലും വോട്ടുതേടി പുറത്തിറങ്ങുന്നു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.എം. വിനോദ് കുമാറാണ് തന്റെ നാലുചക്ര സ്‌കൂട്ടറില്‍ കറങ്ങിയും ഊന്നുവടിയുമായി നടന്നും വോട്ടര്‍മാരെ കാണുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭിന്നശേഷിക്കാരായ അപൂര്‍വം സ്ഥാനാര്‍ഥികളിലൊരാളാണ് ഇദ്ദേഹം. വോളിബോളിന് പേരുകേട്ട വള്ളിക്കുന്നില്‍ നിന്നുള്ള ജില്ലാതാരം കൂടിയായിരുന്നു വിനോദ് കുമാര്‍. 1996 മാര്‍ച്ച് 23-നാണ് ഇരുപത്തിയാറം വയസ്സില്‍ വിനോദിനെ അപകടം തളര്‍ത്തിയത്.
വീടിന്റെ വാര്‍ക്കപ്പണിക്കിടെ ഉയരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേല്‍ക്കുകയായിരുന്നു. ഏറെ നാളത്തെ ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തിയെങ്കിലും അരയ്ക്കു താഴെ തളര്‍ന്നിരുന്നു. ആറുവര്‍ഷത്തോളം വീട്ടിനകത്ത് കഴിഞ്ഞു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സയും കുടുംബത്തിന്റെയും കൂട്ടുകാരുടെയും പിന്തുണയുമായപ്പോള്‍ ഊന്നുവടിയുടെ സഹായത്താല്‍ നടന്നു തുടങ്ങി.
കാല്‍നൂറ്റാണ്ടായി ഇടതുമുന്നണിക്ക് പിന്തുണതുടരുന്ന വാര്‍ഡ് പിടിക്കുകയാണ് വിനോദിന്റെ ലക്ഷ്യം. ഭിന്നശേഷിക്കാര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളുണ്ടോ അതെല്ലാം ലഭ്യമാക്കാന്‍ മുന്നിലുണ്ടാകുമെന്നാണ് വോട്ടര്‍മാര്‍ക്ക് നല്‍കുന്ന ഉറപ്പ്. എല്‍.ഡി.എഫിലെ അരുണ്‍രാജും എന്‍.ഡി.എയുടെ എന്‍.കെ. രഞ്ജിത്തുമാണ് എതിര്‍ സ്ഥാനാര്‍ഥികള്‍.
വള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്കില്‍ ക്ലാര്‍ക്കായി ജോലി നോക്കുന്ന വിനോദ് പരേതനായ കുമാരന്‍ നായര്‍, സരോജിനി അമ്മ ദമ്പതിമാരുടെ മകനാണ്. ബിന്ദുവാണ് ഭാര്യ. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ വൃന്ദ വിനോദ് ഏകമകളാണ്.