മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. മുന്നണിക്ക് പുറത്തുള്ളവരുമായി സഖ്യത്തിന്റെ ആവശ്യമില്ല. യു.ഡി.എഫിന് സ്വന്തം ശക്തിയില്‍ വിശ്വാസമുണ്ടെന്നും ഒന്നിച്ചുനിന്ന് ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം പ്രസ് ക്ലബ്ബിന്റെ 'മീറ്റ് ദ ലീഡര്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ഇത്തവണ മലപ്പുറത്ത് നല്ല അന്തരീക്ഷമാണ്. കോണ്‍ഗ്രസ്-ലീഗ് തര്‍ക്കങ്ങള്‍ മിക്കയിടത്തും പരിഹരിക്കാനായി. ഇക്കാര്യത്തില്‍ ജില്ലയിലെ യു.ഡി.എഫ്. നേതാക്കളെ അഭിനന്ദിക്കുന്നു.

തിരഞ്ഞെടുപ്പ് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകും. തദ്ദേശസ്ഥാപനങ്ങളോടുള്ള എല്‍.ഡി.എഫിന്റെ നിലപാട് ശരിയല്ല. തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടും അധികാരങ്ങളും നല്‍കുന്നത് യു.ഡി.എഫാണ്.

ഗെയില്‍ പൈപ്പ്ലൈന് വേണ്ട 80 ശതമാനം സ്ഥലവും ഏറ്റെടുത്തത് കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരാണ്. പ്രായോഗികമായ വികസനമാണ് ഞങ്ങളുടെ നയം. സോളാര്‍ വിഷയത്തില്‍ സത്യം ഓരോന്നായി പുറത്തുവരികയാണ്. തനിക്ക് യാതൊരു മാനസികസമ്മര്‍ദവുമില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമോ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുക. തിരഞ്ഞെടുപ്പിന്റെ ചുമതല എന്നെ ഏല്‍പ്പിക്കേണ്ട യാതൊരു സാഹചര്യവുമില്ല. കഴിവും അംഗീകാരവുമുള്ള ഒട്ടേറെ നേതാക്കളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

മാധ്യമങ്ങളോട് എല്‍.ഡി.എഫിനുള്ള നയമല്ല യു.ഡി.എഫിനുള്ളത്. മാധ്യമങ്ങള്‍ തിരുത്തല്‍ ശക്തിയാണെന്നാണ് ഞങ്ങളുടെ നയം. പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും വിമര്‍ശനം അടിച്ചമര്‍ത്താനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്. ചോദ്യംചെയ്യപ്പെടാത്ത സാഹചര്യമാണെങ്കില്‍ സ്വാഭാവികമായും തെറ്റിലേക്കുനീങ്ങുമെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക് അധ്യക്ഷനായി. സെക്രട്ടറി കെ.പി.എം. റിയാസ് നന്ദിപറഞ്ഞു.

വെല്‍ഫെയര്‍ സഖ്യം സി.പി.എമ്മിന്

വെല്‍ഫെയര്‍ പാര്‍ട്ടിയടക്കം മുന്നണിക്കുപുറത്തുള്ളവരുമായി യു.ഡി.എഫിന് സഖ്യമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കഴിഞ്ഞതവണ പലയിടത്തും ഒന്നിച്ചുനിന്നത്. മുക്കത്ത് ഒന്നിച്ച് ആഹ്ലാദപ്രകടനംവരെ നടത്തി.

എന്റെ മണ്ഡലത്തിലുമുണ്ട് വിമതന്‍

യു.ഡി.എഫിന്റെ പേരും നേതാക്കളുടെ ചിത്രവും ഉപയോഗിച്ച് മറ്റു പാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നത് ഞങ്ങളുടെ തെറ്റല്ല. എന്റെ മണ്ഡലത്തില്‍തന്നെ കൈപ്പത്തി ചിഹ്നത്തിനെതിരേ മത്സരിക്കുന്ന ഒരു വിമതന്‍ എന്റെ ഫോട്ടോവെച്ച് പോസ്റ്റര്‍ അടിച്ചിട്ടുണ്ട്. അതിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനല്‍കിയിട്ടുമുണ്ട്.