കാളികാവ്: തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണായുധമാണ് പാട്ട്. ഓരോ സ്ഥാനാര്‍ഥിക്കും യോജിച്ച പാട്ടുണ്ടാക്കാന്‍ പ്രത്യേക സംഘംതന്നെയുണ്ട്. എന്നാല്‍ ഒറ്റപ്പാട്ടില്‍ത്തന്നെ രണ്ട് സ്ഥാനാര്‍ഥികളുടെ ഗുണഗണങ്ങള്‍ വര്‍ണിച്ചാലോ... ഇതുവരെ കേട്ടുകേള്‍വിയിലില്ലാത്ത ഒരു തിരഞ്ഞെടുപ്പുപാട്ടാണ് കാളികാവില്‍ ഒരുങ്ങിയിരിക്കുന്നത്.
കാളികാവ് ഗ്രാമപ്പഞ്ചായത്തില്‍ മത്സരിക്കുന്ന രണ്ട് മുന്നണി സ്ഥാനാര്‍ഥികള്‍ക്കുമായാണ് പ്രവാസികള്‍ ഒറ്റപ്പാട്ട് ഒരുക്കിയത്. കാളികാവില്‍ കടുത്ത മത്സരം നടക്കുന്ന വാര്‍ഡാണ് കല്ലംകുന്ന്. സി.പി.എം. ലോക്കല്‍ സെക്രട്ടറി എന്‍. നൗഷാദിനെ സ്ഥാനം ഒഴിവാക്കിയാണ് എല്‍.ഡി.എഫ്. രംഗത്തിറക്കിയിട്ടുള്ളത്. കോണ്‍ഗ്രസ് ആകട്ടെ മുതിര്‍ന്ന നേതാവുകൂടിയായ കെ.കെ. ഹംസയെയുമാണ് മത്സരിപ്പിക്കുന്നത്.
രണ്ടുപേരും സുപരിചിതരും നാട്ടുകാര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തവരും. ഈ ഘടകങ്ങള്‍ ഉള്‍ക്കൊണ്ടുതന്നെയാണ് പ്രവാസികള്‍ പാട്ട് തയ്യാറാക്കിയിട്ടുള്ളത്. 'നാനാജാതി മതസ്ഥര്‍ക്കും പ്രിയങ്കരനാണല്ലോ നൗഷാദ് എന്നും നേരിന്റെ പക്ഷത്തുപിടിച്ചുള്ള ഹംസ എന്നും തുടങ്ങുന്ന പാട്ടില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ക്കും തുല്യപ്രാധാന്യം.
മത്സരരംഗത്ത് മാത്രമല്ല പാട്ടിലും സ്ഥാനാര്‍ഥികള്‍ കട്ടയ്ക്ക് കട്ടയാണ്. ആര്‍ക്ക് വോട്ടുചെയ്യണം എന്നു പറയുന്നില്ല. രണ്ട് സ്ഥാനാര്‍ഥികള്‍ക്കും തുല്യപ്രാധാന്യം.
രണ്ടുപേരുടെയും തൊഴിലുള്‍പ്പെടെയുള്ള വിവരങ്ങള്‍ പാട്ടില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഒരാളുടെയും പക്ഷംപിടിക്കാത്ത പാട്ട് രൂപപ്പെടുത്തിയതും പാടിയതുമെല്ലാം ദുബായില്‍ വെച്ചുതന്നെ. വര്‍ഷങ്ങളായി ദുബായില്‍ കഴിയുന്ന കാളികാവിലെ കെ.പി. ഹൈദരലിയുടേതാണ് ആശയം.
മുസ്ലിംലീഗ് പ്രവര്‍ത്തകനായ ഹൈദരലിയുടെ സുഹൃത്തുക്കളാണ് നൗഷാദും ഹംസയും. പരസ്പരം പഴിചാരാതെ ആരോഗ്യകരമായ മത്സരം നടക്കണമെന്ന ആഗ്രഹമാണ് ഇത്തരമൊരു പാട്ടിന് പ്രേരിപ്പിച്ചതെന്ന് ഹൈദരലി പറയുന്നു. കബീര്‍ എടവണ്ണ രചിച്ച ഗാനം ഖയ്യൂം പുറ്റമണ്ണയാണ് ആലപിച്ചത്.