തിരൂരങ്ങാടി: പത്രികാസമര്‍പ്പണം പൂര്‍ത്തിയായതോടെ നഗരസഭയിലെ വിവിധ ഡിവിഷനുകളില്‍ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മത്സരം മുറുകുമെന്ന് ഉറപ്പായി. പത്രിക പിന്‍വലിക്കുന്നത് പൂര്‍ത്തിയാകുന്നതോടെ മാത്രമേ പൂര്‍ണചിത്രം വ്യക്തമാകൂവെങ്കിലും ചിലരുടെ രംഗപ്രവേശം ഇതിനകം ചര്‍ച്ചയായിട്ടുണ്ട്.
പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ഡിവിഷനുകളില്‍ സ്വതന്ത്രസ്ഥാനാര്‍ഥികളുടെ വേഷത്തില്‍ വിമതര്‍ രംഗത്തെത്തിയത് യു.ഡി.എഫിനും എല്‍.ഡി.എഫിനും തലവേദനയായിട്ടുണ്ട്.
25-ാം ഡിവിഷന്‍ താഴെചിനയില്‍ മുന്‍ പി.ഡി.പി. സംസ്ഥാന ജനറല്‍സെക്രട്ടറി ഇബ്രാഹീം തിരൂരങ്ങാടി സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. ഒന്നരമാസം മുന്‍പ് പി.ഡി.പിയില്‍നിന്നും രാജിവെച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിലെ അലിമോന്‍ തടത്തിലാണ് ഇവിടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി.
ചെമ്മാട്ട് 32-ാം ഡിവിഷനില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്കെതിരേ എസ്.ടി.യു. നേതാവ് കക്കടവത്ത് അഹമ്മദ്കുട്ടി മത്സരരംഗത്തുള്ളത് ലീഗിന് തലവേദനയായിട്ടുണ്ട്. യൂത്ത്ലീഗ് നേതാവും മുന്‍കൗണ്‍സിലറുമായ അയ്യൂബ് തലാപ്പിലും ഇവിടെ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഐ.എന്‍.എല്‍. പ്രാദേശികനേതാവ് എം. ഹംസക്കുട്ടി പത്രിക നല്‍കിയത് എല്‍.ഡി.എഫിനുള്ളിലും തര്‍ക്കത്തിനിടയാക്കിയിട്ടുണ്ട്.
മൂന്നാംഡിവിഷന്‍ പന്താരങ്ങാടിയില്‍നിന്ന് സി.പി.എം. ലോക്കല്‍സെക്രട്ടറി അഡ്വ. സി. ഇബ്രാഹീംകുട്ടി പത്രിക നല്‍കിയതോടെ ഇവിടെ മത്സരം വാശിയേറുമെന്ന് ഉറപ്പായി. കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ പിന്തുണയോടെയാണ് ഇദ്ദേഹം രംഗത്തെത്തിയതെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസിലെ പി.കെ. അബ്ദുല്‍ അസീസാണ് ഇവിടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി.
39-ാം ഡിവിഷന്‍ പള്ളിപ്പടിയില്‍ സി.പി.എം. സ്ഥാനാര്‍ഥിക്കെതിരേ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാനാര്‍ഥി പത്രിക നല്‍കിയത് എല്‍.ഡി.എഫിനുള്ളില്‍ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.
അഞ്ചാംഡിവിഷന്‍ പന്താരങ്ങാടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ മുസ്ലിംലീഗ് ഡിവിഷന്‍ ഭാരവാഹി കുന്നുമ്മല്‍ അയ്യൂബ് പത്രിക നല്‍കിയത് യു.ഡി.എഫില്‍ തലവേദനയായിട്ടുണ്ട്. വിമതരെ പിന്തിരിപ്പിക്കുന്നതിന് നേതൃത്വത്തങ്ങള്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്.
സൂക്ഷ്മപരിശോധനയില്‍ തര്‍ക്കങ്ങള്‍; ബി.ജെ.പി. പത്രിക തള്ളി
തിരൂരങ്ങാടി: പത്രികകളുടെ സൂക്ഷ്മപരിശോധനക്കിടയില്‍ തിരൂരങ്ങാടി നഗരസഭയിലെ ചെമ്മാട് എട്ടാം ഡിവിഷനില്‍നിന്നുള്ള എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി മാളിയേക്കല്‍ സിദ്ദീഖിനെതിരേ നഗരസഭാ അധികൃതര്‍ എതിര്‍പ്പ് ഉയര്‍ത്തിയത് ഏറെനേരം ആശങ്കകള്‍ക്കിടയാക്കി. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടനിര്‍മാണത്തിന് ഇടാക്കിയിരുന്ന പിഴത്തുക അടച്ചിട്ടില്ല എന്നതാണ് നഗരസഭ അറിയിച്ചിരുന്നത്. സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍നിന്നും സ്റ്റേ വാങ്ങിച്ചതോടെ പത്രിക സ്വീകരിക്കാമെന്ന് നഗരസഭാ അധികൃതര്‍ അറിയിക്കുകയായിരുന്നു.
രണ്ടാംഡിവിഷന്‍ പതിനാറുങ്ങലിലെ മുസ്ലിംലീഗ് സ്ഥാനാര്‍ഥി പാലാത്ത് മുസ്തഫ നഗരസഭയുടെ കരാര്‍ ജോലി പൂര്‍ത്തിയാക്കിയില്ലെന്ന് കാണിച്ച് നഗരസഭാധികൃതര്‍ എതിര്‍പ്പ് ഉയര്‍ത്തിയതും തര്‍ക്കങ്ങള്‍ക്കിടയാക്കി. നടപടി പൂര്‍ത്തിയാക്കി നഗരസഭ അസി. എന്‍ജിനീയര്‍ രേഖാമൂലം വിവരം കൈമാറിയതോടെയാണ് ഈ പത്രിക സ്വീകരിച്ചത്. സംവരണ ഡിവിഷനായ കാച്ചടി 17-ാം ഡിവിഷനില്‍നിന്നുള്ള ബി.ജെ.പി. സ്ഥാനാര്‍ഥി സി. ചന്ദ്രന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കത്തത്തിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പത്രിക തള്ളിയതായും വരണാധികാരി അറിയിച്ചു.