തവനൂര്‍: എതിര്‍പാര്‍ട്ടികളിലെ നേതാക്കളെ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കാനുള്ള തത്രപ്പാടിലാണ് തവനൂര്‍ പഞ്ചായത്തിലെ ഇരുമുന്നണികളും.

ഇടത് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ മണ്ഡലം വൈസ് പ്രസിഡന്റും യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്നത് സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഇരുവരും പാര്‍ട്ടിയില്‍നിന്ന് ഇതിനോടകംതന്നെ പുറത്തായി.

19-ാം വാര്‍ഡ് മാട്ടത്താണ് സി.പി.എം. ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിന്റെ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന കെ.പി. ഹസ്സനെ ഗോദയിലിറക്കിയിട്ടുള്ളത്.

15 വര്‍ഷമായി മുസ്ലിംലീഗ് ജയിക്കുന്ന വാര്‍ഡാണിത്. കോണ്‍ഗ്രസ് നേതാവിനെ ഇറക്കി വാര്‍ഡ് പിടിക്കാനാണ് സി.പി.എം. ശ്രമം. വര്‍ഷങ്ങളായി വാര്‍ഡ് ലീഗിന് കൊടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഹസ്സന്‍ കോണ്‍ഗ്രസ് വിട്ടത്.

ഹസ്സനെ കോണ്‍ഗ്രസ് മത്സരിക്കുന്ന മറ്റൊരു വാര്‍ഡില്‍ സ്ഥാനാര്‍ഥിയാക്കാമെന്ന് അറിയിച്ചിരുന്നതാണെന്നാണ് മണ്ഡലം നേതാക്കള്‍ പറയുന്നത്.

എല്ലാ തിരഞ്ഞെടുപ്പിലും പൊതുസ്വതന്ത്രനെ പിന്തുണയ്ക്കുന്ന അഞ്ചാംവാര്‍ഡ് കടകശ്ശേരിയിലാണ് യു.ഡി.എഫ്. ഇത്തവണ ബ്രാഞ്ച് കമ്മിറ്റി അംഗവും നേരത്തെ പഞ്ചായത്തംഗവുമായിരുന്ന ചന്ദ്രനെ കളത്തിലിറക്കിയിരിക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ചന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന് സി.പി.എം. നേതാക്കള്‍ പ്രതികരിച്ചു.