ഒരുകാലത്ത് തദ്ദേശസ്ഥാപനങ്ങളുടെ അമരത്തിരുന്ന വനിതകള്‍ ചിലരെങ്കിലും പിന്നീട് തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്ന് മാറിനിന്നിട്ടുണ്ട്. എന്തുകൊണ്ടായിരിക്കാം അവര്‍ പിന്‍വലിഞ്ഞത്. ഇപ്പോള്‍ അവരെന്താണ് ചെയ്യുന്നത്. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് എന്താണ് അവര്‍ക്ക് പറയാനുള്ളത്. അവരില്‍ ചിലര്‍ സംസാരിക്കുന്നു ഇന്നുമുതല്‍. മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന സുഹ്‌റ മമ്പാടാണ് ആദ്യത്തെ അതിഥിയായി റിപ്പോര്‍ട്ടര്‍ ആല്‍ദ ജോസഫുമായി സംസാരിക്കുന്നത്

 

മപ്പുറം: 1995-ല്‍ രൂപവത്കരിച്ച മലപ്പുറം ജില്ലാപഞ്ചായത്തിന് ഇക്കാലയളവില്‍ രണ്ട് വനിതാ പ്രസിഡന്റുമാരുണ്ടായിട്ടുണ്ട്. മലപ്പുറത്ത് ഭരിക്കാന്‍ പെണ്ണുങ്ങളുണ്ടോയെന്ന് ഒളിഞ്ഞും തെളിഞ്ഞും കളിയാക്കിയവര്‍ക്കുള്ള മറുപടിയായിരുന്നു 1995-2000 ഭരണസമിതിയില്‍ മലപ്പുറത്തിന്റെ ആദ്യ പ്രസിഡന്റായ കെ.പി. മറിയുമ്മ. പിന്നീട് 2010-2015 സമിതിയില്‍ സുഹ്റ മമ്പാടും പ്രസിഡന്റ് സ്ഥാനത്തെത്തി. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സുഹ്റ മമ്പാട് ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചു.

എന്നാല്‍, പിന്നീട് ഒരു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അവര്‍ കടന്നുവന്നില്ല. ഇപ്പോള്‍ വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിക്കുകയാണ് സുഹ്റ മമ്പാട്.

മാറിനിന്നത്?

 

20 വര്‍ഷം തദ്ദേശഭരണ സംവിധാനത്തിന്റെ ഭാഗമായിരുന്നു. 1995-ല്‍ നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തില്‍നിന്നാണ് തുടക്കം. അതിന് മുന്‍പുതന്നെ കുടുംബത്തില്‍ രാഷ്ട്രീയം പരിചിതമായിരുന്നു. പിന്നീട് 2000 മുതല്‍ 2015 വരെ ജില്ലാപഞ്ചായത്തിന്റെ ഭാഗമായി. പ്രസിഡന്റ് സ്ഥാനത്ത് എത്താന്‍കഴിഞ്ഞു. അതിനു പ്രാപ്തമാക്കിയത് എന്നും കണ്ടിരുന്ന സ്വപ്നങ്ങളായിരുന്നു. കഴിയുന്നതെല്ലാംചെയ്തു. പിന്നീട് സ്വയം തീരുമാനിക്കുകയായിരുന്നു മാറിനില്‍ക്കാന്‍. പുതിയ സ്വപ്നങ്ങളുമായി പുതിയ ആളുകള്‍ക്ക് കടന്നുവരാന്‍ ഇടം നല്‍കണമെന്ന് തോന്നി. മാറിനിന്നിട്ടും പാര്‍ട്ടിയില്‍ മികച്ചസ്ഥാനം ലഭിച്ചു. 2017-ല്‍ വനിതാ ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി. 2018-ല്‍ സംസ്ഥാന പ്രസിഡന്റും. വീണ്ടും തിരഞ്ഞെടുപ്പുകളിലേക്ക് പോകാതെ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളിലേക്ക് തിരിയാന്‍ സ്വയം തീരുമാനിക്കുകയായിരുന്നു. പക്ഷേ, ഒന്നില്‍നിന്നും ഒഴിഞ്ഞു മാറിയിട്ടില്ല.

സ്ത്രീകള്‍?


താഴേത്തട്ടില്‍ സ്ത്രീകളുടെ വ്യക്തമായ മുന്നേറ്റം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉ ണ്ടാകുന്നുണ്ട്. ഇത്തവണ അത് വളരെ കൃത്യമായി കാണാന്‍ സാധിക്കുന്നുണ്ട്.

ഇനിയത് കാണേണ്ടത് നിയമസഭയിലാണ്. സ്ത്രീകളെ ബാധിക്കുന്ന വിഷയങ്ങളെപ്പറ്റി പറയാന്‍ ഒരു നല്ലവിഭാഗം സ്ത്രീ നേതൃത്വം നിയമസഭയ്ക്കകത്ത് ഉണ്ടാകണം. അതിന് മത്സരരംഗത്തേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണം. നമ്മള്‍ അര്‍ഹരാണെന്ന് മനസ്സിലാക്കിക്കൊടുക്കണം.

അന്ന്‌

 

ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം വികസനത്തില്‍ ഊന്നിയുള്ളതായിരുന്നു.

എന്നാല്‍ റോഡ്, തോട്, പാലം നിര്‍മാണം എന്നിങ്ങനെ മാത്രം ഒതുങ്ങരുതെന്ന് ആഗ്രഹമുണ്ടായിരുന്നു.

അങ്ങനെ ഒരുക്കിയ പദ്ധതിയായിരുന്നു 'പ്രതീക്ഷ'. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു അത്.

അവരെ പകല്‍നേരങ്ങളില്‍ രക്ഷിതാക്കള്‍ക്ക് സുരക്ഷിതമായി ഏല്‍പ്പിക്കാന്‍ സൗകര്യമൊരുക്കുന്നതായിരുന്നു പദ്ധതി.

ഇനി?

ഇപ്പോഴുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക പരിശോധിച്ചാല്‍ മനസ്സിലാകും നല്ല വിദ്യാഭ്യാസമുള്ളവരാണ് എല്ലാവരും. പുതിയ കാഴ്ചപ്പാടുകളും ചിന്തകളും ഉള്ളവര്‍. അവരിലൂടെ ഇനി നാട് മുന്‍പോട്ട് പോകണം. ഒരിക്കല്‍ ഞാന്‍കണ്ട സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ എനിക്ക് അവസരം ലഭിച്ചതുപോലെ പുതിയ തലമുറയ്ക്കും ലഭിക്കണം. അതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍.

പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്നതും വികസനമാണ്. അതിനാണ് പ്രാധാന്യം നല്‍കിയിരുന്നത്