പെരിന്തല്‍മണ്ണ: അപവാദങ്ങളില്‍ അഭിരമിക്കുന്നവരല്ല നാടിന്റെ വികനകാര്യങ്ങളില്‍ മുഴുകുന്നവരാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പോസിറ്റീവ് എനര്‍ജി പ്രധാനം ചെയ്യുന്ന, നാടിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളികളാകുന്ന, അതിന് വേണ്ടി സമയം ചെലവഴിക്കുന്നവരെ തിരഞ്ഞെടുക്കാന്‍ പുതുതലമുറയ്ക്ക് കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"അപവാദ വ്യവസായങ്ങളില്‍  അഭിരമിച്ചുകൊണ്ടിരിക്കുന്നവര്‍ ആയിരിക്കില്ല തിരഞ്ഞെടുപ്പില്‍ വിജയിച്ചുവരിക. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എത്രത്തോളം ശരിയാണെന്ന് ജനം വിലയിരുത്തട്ടെ. നിയമപരമായ നടപടികളെ കുറിച്ച് ആലോചിക്കും". കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളടക്കം ശരിയായ രീതിയിലല്ല റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Content Highlights: speaker p sreeramakrishnan- local body election