പെരിന്തല്‍മണ്ണ: സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞപ്പോള്‍ സൈബര്‍ അണികള്‍ സമൂഹമാധ്യമങ്ങളില്‍ മുങ്ങിത്തപ്പുകയാണ്. എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് 'പണി' കൊടുക്കാന്‍ പറ്റിയ വല്ല 'ഐറ്റംസും' കിട്ടിയാലോ.. പണ്ടെങ്ങാനും പോസ്റ്റുചെയ്ത ചിത്രങ്ങളോ സന്ദേശങ്ങളോ വീഡിയോകളോ ബൂമറാങ്ങായി ഉപയോഗിക്കാന്‍ പറ്റിയാല്‍ ലോട്ടറിയടിച്ചില്ലേ..

വ്യക്തിഹത്യ നടത്തുന്നതുള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ പാടില്ലെന്ന കര്‍ശനനിര്‍ദേശം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ വ്യാജപ്പേരുകളിലും കൂട്ടായ്മയുടെ പേരിലുമൊക്കെ പോസ്റ്റുകള്‍ യഥേഷ്ടം പ്രത്യക്ഷപ്പെടുന്നുണ്ട്.

പഴയ കുരുത്തക്കേടുകളുടെ അവശിഷ്ടംതേടി വലിയ ഗവേഷണമാണ് ഫെയ്സ്ബുക്കിലും വാട്‌സാപ്പിലും നടക്കുന്നത്. സ്ഥാനാര്‍ഥികളുടെ പ്രൊഫൈലില്‍ കയറി പരിശോധിക്കും. തരക്കേടില്ലെന്ന് തോന്നുന്നതിന്റെയെല്ലാം തീയതി അടക്കം സ്‌ക്രീന്‍ ഷോട്ടെടുത്ത് സൂക്ഷിക്കും. കൂടെ സ്വന്തം സ്ഥാനാര്‍ഥിയുടെ കേമത്തം വാഴ്ത്താന്‍ പറ്റിയ എന്തെങ്കിലും ഉണ്ടോ എന്നും നോക്കുന്നുണ്ട്. ഇരകിട്ടിയാലുടന്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കലായി.

പിന്നെയത് ട്രോളുകളായും പരിഹാസപോസ്റ്റുകളായും ഫെയ്സ്ബുക്ക് വോളില്‍ പ്രത്യക്ഷപ്പെടുന്നു. അപ്പോഴേക്കും മറുപടിയുമായി എതിരാളികളുടെ പോസ്റ്റുകളിറങ്ങും. ഇങ്ങനെ കുത്തിപ്പൊക്കലുകളുടെ കാലമാണിപ്പോള്‍. ചില വിരുതന്‍മാര്‍ സ്വന്തം പ്രൊഫൈല്‍ ലോക്ക് ചെയ്യും. അപ്പോള്‍ സുഹൃത്തുക്കള്‍ വഴിയാവും അന്വേഷണം.