കോട്ടയ്ക്കല്‍: ഇലിക്കെന്താ ഇലക്ഷനില്‍ കാര്യം... കാര്യമുണ്ട്. പ്രചാരണം സോഷ്യല്‍മീഡിയയിലേക്ക് ചുവടുമാറ്റിയതോടെ രാഷ്ട്രീയപ്പാര്‍ട്ടികളെ സഹായിക്കാന്‍ പുതിയ സോഫ്റ്റ്വേറുകളുമായി ഐ.ടി. കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. അതിലൊന്നാണ് അസാലിയ ടെക്നോളജീസ് ആന്‍ഡ് ടെക്കോറിസ് ഡിജിറ്റല്‍ സൊല്യൂഷന്‍സ് പുറത്തിറക്കിയ ഇലി സോഫ്റ്റ്. സംസ്ഥാന യൂത്ത്ലീഗ് കമ്മിറ്റി വികസിപ്പിച്ച ബ്യൂട്ടിക്കും പോലെയുള്ള സോഫ്റ്റ്വേറുകള്‍ വെര്‍ച്വല്‍ പോരാട്ടത്തിന്റെ വാശി കൂട്ടും.

വോട്ടര്‍പട്ടിക അനുസരിച്ച് കേരളത്തിലെ ഏതുവാര്‍ഡിലും ശാസ്ത്രീയമായി പ്രചാരണംനടത്താന്‍ കഴിയുമെന്നതാണ് പ്രത്യേകത.

ഒരുവാര്‍ഡിനെ മിനിമം അഞ്ചുമേഖലകളായിതിരിച്ച് ഓണ്‍ലൈനിലൂടെ വോട്ടര്‍മാരിലേക്ക് എത്താനുള്ള സൗകര്യമാണ് ഇത്തരം സോഫ്റ്റ്വേറുകള്‍ നല്‍കുന്നത്.

വോട്ടര്‍മാരെ വയസ്സ്, വീട്ടുനമ്പര്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് പ്രവര്‍ത്തനം. വോട്ടര്‍മാരുടെ എല്ലാവിവരങ്ങളും സൂക്ഷിക്കാന്‍ കഴിയും.

പാര്‍ട്ടി മനോഭാവം, മറ്റുസ്ഥലങ്ങളില്‍ വോട്ടുണ്ടോ, മരിച്ചതാണോ, വിവാഹം കഴിച്ചയച്ചതാണോ തുടങ്ങിയ വിവരങ്ങളും ഉള്‍പ്പെടുത്താം. മദര്‍ അക്കൗണ്ട് പാര്‍ട്ടി സെക്രട്ടറി പോലെയുള്ളവര്‍ നിയന്ത്രിക്കും.

വെര്‍ച്വല്‍ പോരാട്ടം

വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മുഴുവന്‍ വോട്ടര്‍മാരുടെയും വാട്സാപ്പ് നമ്പറുകള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. ഭരണസമിതിയുടെ നേട്ടങ്ങളും ലഘു വീഡിയോകളിലൂടെ വോട്ടര്‍മാരിലെത്തിച്ച് വോട്ടുനേടാനുള്ള തത്രപ്പാടിലാണ് ഭരണപക്ഷം. ഭരണപക്ഷത്തിന്റെ കോട്ടങ്ങള്‍ ചൂണ്ടിക്കാട്ടി വീഡിയോ നിര്‍മിച്ച് വോട്ടുറപ്പിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം. 3000-4000 രൂപയ്ക്ക് ഇത്തരം വീഡിയോകള്‍ നിര്‍മിച്ചുനല്‍കാനുള്ള ശ്രമത്തിലാണ് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍.

നേതാക്കള്‍ക്ക് നവമാധ്യമങ്ങളില്‍ മീറ്റിങ്ങുകള്‍ നടത്തുന്നതിനും ആപ്പുകള്‍ ഡൗണ്‍ലോഡ്‌ചെയ്ത് ഉപയോഗിക്കുന്നതിനും ഫെയ്സ്ബുക്ക്, വാട്സാപ്പ് പോലെയുള്ള സമൂഹമാധ്യമങ്ങളില്‍ എങ്ങനെ ഇടപെടണമെന്നതിനെക്കുറിച്ചുമുള്ള പരിശീലനവും ആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള തത്രപ്പാടിലാണ് ഗ്രൂപ്പ് അഡ്മിന്‍മാര്‍. രാഷ്ട്രീയംമാത്രം നോക്കിയാല്‍പോരാ, ഓരോദിവസവും പുതുതായിവരുന്ന ട്രെന്‍ഡുകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നതും വെല്ലുവിളിയാണ്.