മുന്‍കാലങ്ങളെ അപേക്ഷിച്ച് തിരഞ്ഞെടുപ്പ് പുതുതലമുറയുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാവുകയാണ്. വിദ്യാര്‍ഥിസംഘടനകള്‍, യുവജന സംഘടനകള്‍ എന്നിവര്‍ക്കൊക്കെ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കാന്‍ തുടങ്ങി. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥി നേതാക്കള്‍ പ്രതികരിക്കുന്നു ഇന്നുമുതല്‍.

എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.എ. സക്കീറുമായി റിപ്പോര്‍ട്ടര്‍ മിഥുന്‍ ഭാസ്‌കര്‍ സംസാരിക്കുന്നു

 

  • വിദ്യാര്‍ഥികള്‍ക്കിടയില്‍ പൊതുവില്‍ രാഷ്ട്രീയപരിജ്ഞാനവും രാഷ്ട്രീയബോധവും കുറയുന്നുണ്ടോ?

ഒരിക്കലുമില്ല, വിദ്യാര്‍ഥികള്‍ കാര്യങ്ങള്‍ നന്നായി പഠിക്കുന്നവരും ആവശ്യമുള്ളത് സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്നവരുമാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട്. എല്ലാ കാര്യത്തിലും ശരി കണ്ടെത്താനുള്ള കഴിവ് ഈ തലമുറയില്‍ കാണാം.

  • വിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പുരാഷ്ട്രീയ രംഗപ്രവേശം എന്ത് മാറ്റമാണ് സമൂഹത്തിലുണ്ടാക്കുക ?

വലിയ മാറ്റമുണ്ടാക്കും. യുവത്വം വരുന്നത് നാടിന്റെ ആവശ്യമാണ്. ഇ.എം.എസ്., മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ പൊതുരംഗത്ത് വന്നത് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ്. പുതിയ കാഴ്ചപ്പാടുകളാണ് സമൂഹത്തില്‍ രൂപപ്പെടുന്നത്. വികസനത്തിന് പുതുമുഖമുണ്ടാകും.

  • ആധുനിക രാഷ്ട്രീയസാഹചര്യത്തില്‍ പുതുതലമുറയ്ക്ക് വ്യത്യസ്തമായി എന്താണ് ചെയ്യാനുള്ളത് ?

എല്ലാവരും പൊതുരംഗത്ത് സജീവമായി ഇടപെടണം. എങ്കില്‍മാത്രമേ രാജ്യത്ത് നിലനില്‍ക്കുന്ന മലീമസമായ സാഹചര്യം മാറൂ.

  • പെണ്‍കുട്ടികളുടെ സജീവമായ രാഷ്ട്രീയരംഗപ്രവേശം എത്രത്തോളം ഗുണകരമാകും ?

വലിയ മുന്നേറ്റമാണ് സംഭവിച്ചതും ഇനി സംഭവിക്കാന്‍ പോകുന്നതും. വിദ്യാഭ്യാസയോഗ്യതയുള്ള സ്ത്രീകള്‍ കടന്നുവരുമ്പോള്‍ ജീവിതശൈലിതന്നെ മാറുകയാണ്. കാമ്പസ് രാഷ്ട്രീയത്തില്‍ വലിയ പങ്ക് വഹിക്കുന്നത് വിദ്യാര്‍ഥിനികളാണ്. സമാന സാഹചര്യമാണ് നാട്ടിന്‍പുറങ്ങളില്‍ രൂപപ്പെടുന്നത്.

  • വിദ്യാര്‍ഥികള്‍ക്ക് മുതിര്‍ന്ന നേതാക്കളോട് പറയാനുള്ളത് ?

പുതുതലമുറ നടത്താന്‍ പോകുന്ന വീക്ഷണവും മുതിര്‍ന്നവര്‍ സമ്മാനിച്ച മാറ്റങ്ങളും ചേര്‍ത്താണ് പോകേണ്ടത്. മുതിര്‍ന്ന നേതാക്കളില്‍നിന്നുള്ള പാഠം ഉള്‍ക്കൊണ്ടാണ് യുവതലമുറ കടന്നുവരുന്നത്.