സുബൈർപറപ്പൂര്‍: പറപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പിടിച്ചടക്കാന്‍ മുസ്ലിംലീഗ് ഇത്തവണ ഫുട്ബോള്‍താരത്തേയും കളിക്കളത്തിലിറക്കിയിട്ടുണ്ട്. സന്തോഷ് ട്രോഫിതാരം കെ.പി. സുബൈറിനെയാണ് കഴിഞ്ഞതവണ കൈവിട്ടുപോയ പറപ്പൂര്‍ പതിനൊന്നാംവാര്‍ഡ് ആസാദ് നഗറില്‍ മത്സരിപ്പിക്കുന്നത്.

പറപ്പൂര്‍ ഐ.യു. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ടീമാഗംമായി ഫുട്ബാള്‍ കളിക്കളത്തിലേക്കിറങ്ങിയ സുബൈര്‍ സന്തോഷ്ട്രോഫിയില്‍ രണ്ടുതവണ കേരളത്തിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. 2010-ല്‍ കോയമ്പത്തൂരിലും 2011-ല്‍ കൊല്‍ക്കത്തയിലും നടന്ന സന്തോഷ്ട്രോഫിയില്‍ സ്ട്രൈക്കറായിരുന്നു. രണ്ട് ടൂര്‍ണമെന്റുകളിലുമായി എട്ട്ഗോളുകള്‍ കേരളത്തിനായി നേടിയിട്ടുണ്ട്.

കൊല്‍ക്കത്ത മുഹമ്മദന്‍സ് ക്ലബ്ബ്, ഭവാനിപൂര്‍ എഫ്.സി, ഐ.ടി.ഐ. ബെംഗളൂരു എന്നിവ ഉള്‍പ്പെടെ പ്രമുഖ ടീമുകള്‍ക്കുവേണ്ടി ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം കളിക്കളത്തിലിറങ്ങിയിട്ടുണ്ട്. പറപ്പൂര്‍ ഐ.യു. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും പൊതുപ്രവര്‍ത്തകനുമായ ഇടത് സ്വതന്ത്രന്‍ ചെമ്പകശ്ശേരി കബീറാണ് സുബൈറിന്റെ എതിരാളി.