എടപ്പാള്‍: കോവിഡ് കാലം ഓണ്‍ലൈനിന്റേതു കൂടിയായപ്പോള്‍ തിരഞ്ഞെടുപ്പു പ്രചാരണവും ഓണ്‍ലൈനിലേക്ക് മാറ്റാനൊരുങ്ങുകയാണ് തലമുണ്ടയിലെ ചിത്രകാരനായ ഹരി എടപ്പാള്‍. മണല്‍ച്ചിത്രങ്ങളിലൂടെ സ്ഥാനാര്‍ഥിയെയും ചിഹ്നത്തെയും പാര്‍ട്ടിയെയുമെല്ലാം പരിചയപ്പെടുത്തുന്ന പുത്തന്‍ രീതി അവതരിപ്പിച്ചതോടെ ഇദ്ദേഹത്തിന് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജോലിത്തിരക്ക്.

ചെന്നൈയിലെ ഡ്രോയിങ് സ്‌കൂളിലെ ചിത്രകലാധ്യാപകനായി തലമുണ്ടപ്പറമ്പില്‍ ഹരി എന്ന ഹരി എടപ്പാളാണ് ചിത്രകലയിലൂടെ തിരഞ്ഞെടുപ്പു രംഗത്ത് സ്ഥാനാര്‍ഥികള്‍ക്ക് തരംഗം തീര്‍ക്കുന്നത്. സ്ഥാനാര്‍ഥിയുടെ ചിത്രം, ചിഹ്നം എന്നിവയ്‌ക്കൊപ്പം അവര്‍ നല്‍കുന്ന സംഗീതമോ പ്രചാരണഗാനമോ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചാണ് ഇദ്ദേഹത്തിന്റെ പുതിയ ഓണ്‍ലൈന്‍ ആവിഷ്‌കാരം.

വാട്സ് ആപ്പിലൂടെയും ഫെയ്സ് ബുക്കിലൂടെയുമെല്ലാം മണല്‍ച്ചിത്രങ്ങളായി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടഭ്യര്‍ഥന നടത്താനുള്ള അവസരമൊരുക്കുന്നതിനായി നിരവധി പേരാണ് ഇദ്ദേഹത്തെ തേടിയെത്തുന്നത്.