കാളികാവ്: സഖാവ് കുഞ്ഞാലിക്കുശേഷം കാളികാവ് ഗ്രാമപ്പഞ്ചായത്തിലെ അമ്പലക്കടവ് വാര്‍ഡില്‍ എല്‍.ഡി.എഫിന് വിജയം. 55 വര്‍ഷത്തിനുശേഷമാണിത്.

അമ്പലക്കടവ് ഉള്‍പ്പെടുന്ന വാര്‍ഡില്‍നിന്നു ജയിച്ചാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് സഖാവ് കുഞ്ഞാലി കാളികാവില്‍ പ്രഥമ പ്രസിഡന്റായത്.

1969 ജൂലായ് 28-നാണ് കുഞ്ഞാലി വെടിയേറ്റുമരിച്ചത്. തുടര്‍ന്ന് മുസ്ലിംലീഗ് തുടര്‍ച്ചയായി വിജയിച്ച വാര്‍ഡ് ഇത്തവണ എല്‍.ഡി.എഫ്. സ്വതന്ത്രന്‍ പി.കെ. സുഫിയാന്‍ പിടിച്ചെടുക്കുകയായിരുന്നു.

ഗ്രാമപ്പഞ്ചായത്തില്‍ ഏഴ് വാര്‍ഡില്‍ മാത്രമാണ് വിജയിക്കാനായതെങ്കിലും അമ്പലക്കടവിലെ വിജയം അഭിമാനനേട്ടമാക്കി കാണിക്കുകയാണ് ഇടതുസഖ്യം. പഞ്ചായത്തില്‍ മുസ്ലിംലീഗിന്റെ ഉരുക്കുകോട്ടയാണ് അമ്പലക്കടവ്. ലീഗിനെതിരേ വാര്‍ഡില്‍ മത്സരിക്കാന്‍പോലും പലരും മടികാണിക്കാറാണ് പതിവ്. ഇത്തവണ എല്‍.ഡി.എഫ്. സ്വതന്ത്രനായിട്ടാണ് നാട്ടുകാരനും ക്ലബ്ബ് പ്രസിഡന്റുമായ സുഫിയാനെ മത്സരരംഗത്തിറക്കിയത്. 34 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ജില്ല, ബ്ലോക്ക് പഞ്ചായത്തുകളില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് അമ്പലക്കടവ് വാര്‍ഡിലെ ഭൂരിപക്ഷം നാനൂറിലേറെ വോട്ടുകളാണ്.

വിജയിയായ സുഫിയാന് നാട്ടില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സ്ത്രീകളടക്കമുള്ളവര്‍ നോട്ടുമാല അണിയിച്ച് വിജയിയെ സ്വീകരിച്ചു. നാട്ടുകാര്‍ നല്‍കിയ വിജയം അമ്പലക്കടവ് വാര്‍ഡില്‍ മൂന്നാംദിവസവും ആഘോഷമാക്കി.