താനൂര്‍(മലപ്പുറം): ഏഴുസ്ഥാനാര്‍ഥികളില്‍ അഞ്ചുപേരും സൈതലവിമാര്‍... വോട്ടുചെയ്യാനെത്തുമ്പോള്‍ സൈതലവിപക്ഷക്കാര്‍ ഒന്നിരുത്തി ചിന്തിക്കുമെന്നുറപ്പാണ്. അബദ്ധത്തില്‍ വോട്ടുകുത്തിയിട്ട് തലയില്‍ കൈവെക്കുന്ന വോട്ടര്‍മാരെയും കണ്ടേക്കാം. താനാളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 17-ാം വാര്‍ഡിലാണ് 'സൈതലവി'പ്പോരാട്ടം.

യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ ലക്ഷ്യമിട്ടാണ് അപരന്‍മാര്‍ കൂട്ടത്തോടെയിറങ്ങിയത്. അഞ്ചുസൈതലവിമാര്‍ക്കും സ്വതന്ത്രചിഹ്നം കൂടിയായതിനാല്‍ സംശയങ്ങള്‍ കൂടും.

യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി വെള്ളിയത്ത് സൈതലവി, സ്വതന്ത്രരായ കണ്ണച്ചമ്പാട്ട് സൈതലവി, തറയില്‍ സൈതലവി, പേവുങ്കാട്ടില്‍ സൈതലവി, കൊടക്കാട്ട് സൈതലവി എന്നിവരാണ് മത്സരരംഗത്തുള്ള സൈതലവിമാര്‍. സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വെള്ളിയത്ത് സൈതലവി പാര്‍ട്ടിവിട്ടുവന്ന് യു.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥിയായതോടെയാണ് അപരന്മാര്‍ ധാരാളമിറങ്ങിയത്. സി.പി.എം. ഏരിയാസെക്രട്ടറി വെള്ളിയത്ത് അബ്ദുറസാഖാണ് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തന്നതിനെക്കാള്‍ ചിഹ്നം പരിചയപ്പെടുത്താനാണ് പ്രചാരണത്തില്‍ യു.ഡി.എഫിന്റെ ശ്രമം.