മലപ്പുറം: മുസ്ലിംലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ വാര്‍ഡില്‍ ലീഗിനെതിരേ വിമതസ്ഥാനാര്‍ഥി രംഗത്ത്. മലപ്പുറം നഗരസഭയിലെ 38-ാം വാര്‍ഡ് ഭൂതാനം കോളനിയിലാണ് യു.ഡി.എഫ്. ഔദ്യോഗിക സ്ഥാനാര്‍ഥി കെ.കെ. ആയിഷാബി ഉമ്മറിനെതിരേ വിമതയായി മൈമൂന നാസര്‍ മത്സരിക്കുന്നത്.
15 വര്‍ഷമായി ഒരുകുടുംബത്തില്‍നിന്നുള്ള അംഗങ്ങളെ മാത്രമാണ് വാര്‍ഡില്‍ സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നതെന്നാരോപിച്ചാണ് ഒരുവിഭാഗം വിമതസ്ഥാനാര്‍ഥിയെ രംഗത്തിറക്കിയിരിക്കുന്നത്.
മുന്‍ കെ.എം.സി.സി. അംഗം നാസറിന്റെ ഭാര്യയാണ് മൈമൂന. ഇവരെ മത്സരരംഗത്തുനിന്നു പിന്തിരിപ്പിക്കാന്‍ ശ്രമംനടന്നിരുന്നെങ്കിലും വിജയിച്ചില്ല. എം. പത്മിനിയാണ് എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധിതേടുന്നത്.