അങ്ങാടിപ്പുറം: സമയം ശരിയാക്കുന്നതിനിടയില്‍ നാടിനെ സേവിക്കാനായും സമയം നീക്കിവെച്ച ഓര്‍മയിലാണ് ആനമങ്ങാട് കൈമല രാധ (48). 28 വര്‍ഷമായി ആയിരക്കണക്കിനു വാച്ചുകളുടെയും ക്ലോക്കുകളുടെയും സമയവും കാല്‍ക്കുലേറ്ററുകളുടെ കണക്കുകളുമാണ് രാധയുടെ കണ്ണും കൈകളും കൃത്യമാക്കിക്കൊടുത്തത്. അതിനിടയ്ക്ക് 2005-ല്‍ അഞ്ചുവര്‍ഷം പഞ്ചായത്തംഗമായും സ്വന്തം സമയത്തെ ഉപയോഗപ്പെടുത്തി.

ആലിപ്പറമ്പ് പഞ്ചായത്തിലെ 18-ാം വാര്‍ഡായ എടത്തറയിലെ യു.ഡി.എഫ്. അംഗമായിരുന്നു രാധ.

പൊതുപ്രവര്‍ത്തനവും ജീവിതമാര്‍ഗമായ തൊഴിലും സമയബന്ധിതമാക്കാന്‍ സാധിക്കാതെ വന്നതിനാല്‍ പിന്നീട് മത്സരിച്ചില്ല. അക്കാലത്ത് ആനമങ്ങാട് സര്‍വീസ് സഹകരണബാങ്ക് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ അങ്ങാടിപ്പുറത്തെ വാച്ച്കടയില്‍ ജോലിക്കാരിയാണ്.

1992-ല്‍ തൊഴിലന്വേഷണത്തിനിടയിലാണ് പെരിന്തല്‍മണ്ണയിലെ ഒരു പ്രധാന വാച്ച്കടയില്‍ ജോലിക്കാരെ ആവശ്യമുള്ളതായി അറിയുന്നത്. ജോലി അത്യാവശ്യമായതിനാല്‍ സ്ത്രീകള്‍ കടന്നുചെല്ലാത്ത മേഖലയാണെങ്കിലും ഒന്നു ശ്രമിച്ചുനോക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒന്‍പതുമാസത്തെ പരിശീലനത്തിനുശേഷം രാധ ജോലി ഏറ്റെടുത്തു. അന്ന് എറണാകുളം എച്ച്.എം.ടിയില്‍ വാച്ച് റിപ്പയറിങ് പരിശീലനത്തിന് ആദ്യമായെത്തിയ സ്ത്രീയും രാധയായിരുന്നു.

പിന്നീട് രണ്ടുമൂന്ന് സ്ത്രീകള്‍ പരിശീലനം നേടിയെങ്കിലും രാധ മാത്രമാണ് പഠിച്ചപണി ഇപ്പോഴും തുടരുന്നത്. സമയംപോലെതന്നെ ജോലിയിലും ഏറെ കൃത്യതയും ആത്മാര്‍ഥതയും രാധയ്ക്കുണ്ട്.

സൂക്ഷ്മതയും ശ്രദ്ധയും കൂടുതല്‍ ആവശ്യമുള്ള ജോലിയാണ് വാച്ച് റിപ്പയറിങ്. കണ്ണിന് ഏറെ ആയാസമുണ്ടാക്കുന്നുണ്ടെങ്കിലും മനുഷ്യന് ഏറ്റവും വിലപ്പെട്ടതായികരുതുന്ന സമയം ശരിയാക്കിക്കൊടുക്കാന്‍ സാധിക്കുന്നതില്‍ രാധയ്ക്ക് സന്തോഷമുണ്ട്. സമയത്തിനു പകരംവെക്കാന്‍ മറ്റൊരു വസ്തുവില്ലാത്തതിനാല്‍ ഈ ജോലിക്കെന്നും സ്ഥിരതയുമുണ്ടെന്നാണ് രാധയുടെ പക്ഷം.

ആനമങ്ങാട് പരേതരായ കൈമല രേവിയുടെയും മുണ്ടിച്ചിയുടെയും മകളാണ്.

വനിതകള്‍ പൊതുവേ തിരഞ്ഞെടുക്കാത്ത വാച്ച് റിപ്പയറിങ് മേഖലയിലേക്ക് രാധയെപ്പോലെ ആത്മാര്‍ഥതയും കൃത്യനിഷ്ഠയുമുള്ള ഒരാള്‍ വന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് വാച്ച് റിപ്പയറിങ് പാരമ്പര്യമായി ഏറ്റെടുത്തുനടത്തുന്ന കടയുടമ ചോലക്കാടന്‍ യൂസഫ് പറഞ്ഞു.