തിരൂരങ്ങാടി: 'വിലയേറിയ വോട്ടുകള്‍' എന്ന പ്രയോഗം പൂര്‍ണമായും അനുയോജ്യമാകുന്നത് പ്രവാസിവോട്ടുകളുടെ കാര്യത്തിലാണ്. അതും തദ്ദേശതിരഞ്ഞടുപ്പുകളില്‍. പതിവായി തിരഞ്ഞെടുപ്പിന് നാട്ടിലെത്തുന്ന പ്രവാസികളില്‍ പലരും ഇത്തവണ വിമാനം കയറിയിട്ടില്ല. ഡിവിഷനുകളിലും വാര്‍ഡുകളിലും ജയ-പരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഇവരുടെ 'ചെയ്യാത്ത വോട്ടുകള്‍' നിര്‍ണായകമാവും.

വ്യക്തമായ വികസന കാഴ്ചപ്പാടുകളും രാഷ്ട്രീയ നിലപാടുകളും എടുക്കാറുള്ള പ്രവാസി സമൂഹം എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ആശ്രയിക്കുന്ന വലിയൊരു വോട്ട് ബാങ്കാണ്.

ഇവരെ നാട്ടിലെത്തിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ എല്ലാ അടവും പയറ്റും. ഒരു ഡിവിഷനില്‍ ശരാശരി നൂറു പ്രവാസി വോട്ടു കാണും. സാധാരണ ഇതില്‍ 25-30 ശതമാനം പേരെ പാര്‍ട്ടിക്കാര്‍തന്നെ നാട്ടിലെത്തിക്കും. ഇത്തവണ അത് അഞ്ചുമുതല്‍ 10 ശതമാനം വരെയേ സാധ്യമാവൂ എന്നാണ് പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍.

പ്രിയപ്പെട്ടവര്‍ മത്സരരംഗത്തുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് ദിവസത്തേക്ക് മാത്രമായിപ്പോലും പ്രവാസികള്‍ എത്തും. വാര്‍ഷികാവധി തിരഞ്ഞെടുപ്പ് കാലത്തേക്ക് മാറ്റിവെച്ച് കുടുംബസമേതം എത്തുന്നവരുമുണ്ട്. സൗദിഅറേബ്യ, യു.എ.ഇ., ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് മലബാറിലെ ജില്ലകളിലേക്ക് മാത്രം പതിനായിരത്തിലേറെ പേര്‍ വരും. കെ.എം.സി.സി. അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളിലാണ് 'വോട്ടുകള്‍' കൂട്ടമായി കരിപ്പൂരില്‍ വിമാനമിറങ്ങാറ്.

വിദേശരാജ്യങ്ങളില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കാത്തതും കോവിഡ് മാനദണ്ഡങ്ങള്‍ തുടരുന്നതും നാട്ടിലെത്തുന്ന പ്രവാസികളുടെ എണ്ണം കുറയ്ക്കും. തിരിച്ചു പറക്കുന്നതിന് പല രാജ്യങ്ങളിലും കര്‍ശന നിബന്ധനകളാണ്. മടക്കം വൈകിയാല്‍ നിലവിലെ ജോലി നഷ്ടമാകുമെന്ന ആശങ്കയുള്ളവരുണ്ട്. എന്നാല്‍ അടുത്തകാലത്ത് നാട്ടിലെത്തിയ പലരും തിരിച്ചുപോയിട്ടില്ല എന്നത് സ്ഥാനാര്‍ഥികള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.

ക്രിസ്മസ്-പുതുവര്‍ഷ ആഘോഷങ്ങളുടെ തയ്യാറെടുപ്പുകളിലായതോടെ തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബേക്കറി ബിസിനസ് രംഗത്തുള്ള മലബാറിലെ നൂറുകണക്കിനാളുകളും ഇത്തവണ നാട്ടിലെത്തണമെന്നില്ല.