മലപ്പുറം: പൊന്നാനിയില്‍ ഇഷ്ടമുള്ള നേതാക്കളെ വേദിയിലിരുത്തി 'മുന്തിയ സാമ്പാര്‍'വെച്ച കാര്യം സി.പി.എം. മറക്കരുതെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി മലപ്പുറം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച 'മീറ്റ് ദ ലീഡര്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ന് സി.പി.എം. പറഞ്ഞത് ലീഗ് തകരാന്‍ പോവുകയാണെന്നാണ്. എന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അറംപറ്റിയപോലെ തകര്‍ന്നത് സി.പി.എം. ആയിരുന്നു. സി.പി.എം. ഇന്നും അടിക്കടി തകരുകയാണ്. അന്ന് ലീഗിനും, സി.പി.എമ്മിനും പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത് മൂന്നംഗങ്ങളായിരുന്നു.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചില സ്വതന്ത്രരുമായി ലീഗ് ധാരണയിലെത്തിയിട്ടുണ്ട്. എന്നാല്‍ യു.ഡി.എഫ്. മുന്നണിയില്‍ മാറ്റമൊന്നുമില്ല. അതിലെ കക്ഷികളൊക്കെ പഴയനിലയില്‍ തന്നെയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ സഖ്യത്തെപ്പറ്റി ഉയര്‍ന്ന ചോദ്യത്തിനുത്തരമായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്‍.ഡി.എഫും ചില മണ്ഡലങ്ങളില്‍ ഇത്തരം സഖ്യമുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. വരാന്‍പോകുന്ന തിരഞ്ഞെടുപ്പില്‍ മലബാറില്‍ ചരിത്രംകുറിക്കുന്ന വിജയമായിരിക്കും ലീഗിനുണ്ടാവുക.

ലോകബാങ്കില്‍നിന്ന് അന്താരാഷ്ട്ര നാണ്യനിധിയില്‍നിന്ന് പണം വാങ്ങുന്നതിനെ എതിര്‍ത്ത ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ മസാല ബോണ്ടിറക്കി പണം സമാഹരിക്കുകയാണ്. അഴിമതിമാത്രമാണ് അഞ്ചു കൊല്ലത്തെ ഇടതുഭരണത്തിന്റെ 'ബാലന്‍സ് ഷീറ്റ്'. സുതാര്യമല്ലാത്ത പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റേത്. കേന്ദ്രത്തില്‍നിന്ന് പദ്ധതികള്‍ക്ക് ആവശ്യമായ പണം ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ട ഇടതുസര്‍ക്കാര്‍ കിഫ്ബി രൂപവത്കരിച്ചതുപോലും വിവാദമായിരിക്കയാണ്. കിഫ്ബിയില്‍ ഓഡിറ്റിങ് നടത്താത്തതിന് സി.എ.ജിയുടെ വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുന്നു. പാര്‍ട്ടിയിലെ ഉന്നതര്‍ അഴിമതിക്കേസില്‍പ്പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ നയതന്ത്ര മാര്‍ഗങ്ങളുപയോഗിച്ച് സ്വര്‍ണംകടത്താന്‍ കൂട്ടുനില്‍ക്കുന്നു. ലോക്കറില്‍ കമ്മിഷന്‍ തുക കുമിഞ്ഞുകൂടുന്നു.

കിഫ്ബിയുടെയും ലൈഫ്മിഷന്റേയും പ്രവര്‍ത്തനരീതിയെ പ്രതിപക്ഷം ചോദ്യംചെയ്തപ്പോള്‍ അതില്‍ രാഷ്ട്രീയംകണ്ടു. ഇപ്പോള്‍ സി.എ.ജി. തന്നെ ഇതിന്റെ പ്രവര്‍ത്തനരീതിയെ ചോദ്യംചെയ്തിരിക്കുന്നു. ഏതു വളഞ്ഞ മാര്‍ഗവും സ്വീകരിക്കാമെന്നതാണ് സര്‍ക്കാരിന്റെ രീതി. കോവിഡ് കാലത്തുപോലും ത്രിതല പഞ്ചായത്തുകള്‍ക്ക് വേണ്ടത്ര പണംനല്‍കാതെ അവയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഇടതുസര്‍ക്കാര്‍ പൊതുതാതപര്യത്തിനുപകരം സ്വകാര്യ താത്പര്യത്തെയാണ് സംരക്ഷിക്കുന്നത് എന്ന് വ്യക്തം -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക്ക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി.എം. റിയാസ് നന്ദി പറഞ്ഞു.