പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ നേതാക്കള്‍ ഏറെക്കുറെ മാറിനിന്ന തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വത്തില്‍ ലീഗിന് പ്രതിസന്ധിയായി സ്ഥാനാര്‍ഥിയുടെ അയോഗ്യത. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കിയപ്പോള്‍ ലീഗ് നഗരസഭാധ്യക്ഷനാക്കാന്‍ സാധ്യത കല്പിച്ചിരുന്ന പി.വി. ഹാഫിസ് മുഹമ്മദ് ശുഹൈബിന്റെ അയോഗ്യത ലീഗ് ക്യാമ്പിന് അപ്രതീക്ഷിതമായ അടിയായി.

സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ടതാണ് ഇരുപതാം ഡിവിഷന്‍ കീരനല്ലൂരിലെ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക നല്‍കിയ ഹാഫിസ് മുഹമ്മദ് ശുഹൈബിന് വിനയായത്. സര്‍ക്കാര്‍ പ്രവൃത്തികളുടെ കരാറെടുക്കുന്ന ഹാഫിസ് മുഹമ്മദ് ശുഹൈബ് നാമനിര്‍ദേശപത്രിക നല്‍കുന്നതിന് മുന്‍പ് കാരാറുകള്‍ എല്ലാം പൂര്‍ത്തീകരിച്ചെങ്കിലും ഒന്ന് വിട്ടുപോയതാണ് വിനയായത്. ഇതോടെ തടസ്സവാദം ഉന്നയിക്കപ്പെട്ടത്തിനെ തുടര്‍ന്ന് വരണാധികാരി വിശദീകരണം ചോദിച്ചു. എന്നാല്‍ വിശദീകരണം നല്‍കാന്‍ സാധിച്ചില്ല.

വെള്ളിയാഴ്ച സൂക്ഷ്മപരിശോധന നടത്തിയപ്പോള്‍ രണ്ടുതടസ്സവാദങ്ങളാണ് ഉണ്ടായിരുന്നത്. പതിനേഴാം ഡിവിഷനിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഷമോജിനെതിരെയായിരുന്നു മറ്റൊരു പരാതി. സര്‍ക്കാര്‍ജോലി ഉണ്ടായിരുന്നു എന്നതായിരുന്നു ആക്ഷേപം. എന്നാലിത് വസ്തുതാവിരുദ്ധമാണെന്ന് കണ്ടെത്തി.

വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡന്റാണ് പി.വി. ഹാഫിസ് മുഹമ്മദ് ശുഹൈബ്. കീരനല്ലൂരില്‍ കൂളത്ത് അസീസ് യു.ഡി.എഫ്. ഔദ്യോഗിക സ്ഥാനാര്‍ഥി ആയേക്കും. നിലവില്‍ മുസ്ലിംലീഗാണ് ഇവിടെ ഭരിക്കുന്നത്.