കുറ്റിപ്പുറം: ത്രിതല പഞ്ചായത്തുകള്‍ എന്നു കേള്‍ക്കാത്തവര്‍ ഇപ്പോഴുണ്ടാവില്ല. എന്നാല്‍ ഈ സംവിധാനത്തിന് ഒരു ചരിത്രമുണ്ട്. അതറിയുന്നവര്‍ ചുരുങ്ങും.

അഞ്ചുപേരടങ്ങുന്ന ഗ്രാമസ്വയംഭരണ സമിതിയാണ് 'പഞ്ചായത്ത്'. സംസ്‌കൃതപദമായ 'പഞ്ച'യില്‍നിന്ന് ആവിര്‍ഭവിച്ച പേര്. പില്‍ക്കാലത്ത് അംഗബലം അഞ്ചില്‍കൂടിയെങ്കിലും പഞ്ചായത്ത് എന്ന പേരുമാറിയില്ല. വിദേശഭരണത്തോടെ ഗ്രാമീണസമിതികള്‍ തകര്‍ന്നു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയില്‍ പിറവികൊണ്ട പഞ്ചായത്തുകള്‍ ശക്തിപ്പെട്ടത് ഭരണഘടനയുടെ പിന്‍ബലത്തിലാണ്.

ഗാന്ധിജിയുടെ ഗ്രാമസ്വരാജ്

ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുന്ന ഘട്ടത്തില്‍ പഴയ ഗ്രാമവ്യവസ്ഥ പൂര്‍ണമായി അവസാനിച്ചിരുന്നു. പ്രവിശ്യകളുടെ സംയുക്തവും കേന്ദ്രീകൃതവുമായ ഭരണസംവിധാനമായിരുന്നു പിന്നീട് ശക്തിപ്പെട്ടത്. ഗ്രാമസ്വരാജ് വിസ്മരിച്ചുള്ള ഭരണവ്യവസ്ഥയ്ക്ക് ജനവികാരങ്ങളെ പ്രതിഫലിപ്പിക്കാന്‍ കഴിയില്ലെന്ന് ഗാന്ധിജി വിശ്വസിച്ചു.

1916 ഫെബ്രുവരിയില്‍ മദ്രാസില്‍ നടന്ന മിഷണറിമാരുടെ സമ്മേളനത്തില്‍ പഞ്ചായത്തുകള്‍ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത ഗാന്ധിജി മുന്നോട്ടുവെച്ചു. അദ്ദേഹം വിഭാവനംചെയ്ത പഞ്ചായത്തുകളുടെ രൂപവത്കരണം സംസ്ഥാനങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വമാക്കി പിന്നീട് ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് 1954 മാര്‍ച്ച് മാസത്തോടെ പല സംസ്ഥാനങ്ങളിലും പഞ്ചായത്തുകള്‍ രൂപംകൊണ്ടു.

ആദ്യ ഭരണസമിതി രാജസ്ഥാനില്‍

സാമൂഹ്യവികസന പദ്ധതികള്‍, ജില്ലാഭരണത്തിന്റെ പുനഃസംഘടന തുടങ്ങിയവയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 1957 ജനുവരിയില്‍ ബല്‍വന്ത്റായ് മേത്ത അധ്യക്ഷനായും ശങ്കര്‍ദയാല്‍ശര്‍മ, ആര്‍.കെ. ത്രിവേദി, ജി. രാമചന്ദ്രന്‍, ബി.ജി. റോയ്, സി.വി. സിങ് എന്നിവര്‍ അംഗങ്ങളുമായുള്ള ഒരു സമിതിയെ നിയോഗിച്ചു.

1958 ഡിസംബറില്‍ സമിതി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ല എന്നിങ്ങനെയുള്ള ത്രിതല പഞ്ചായത്തീരാജ് സംവിധാനമാണ് സമിതി മുന്നോട്ടുവെച്ചത്. റിപ്പോര്‍ട്ട് ദേശീയ വികസനസമിതി 1958-ല്‍ അംഗീകരിച്ചതോടെ 1959 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ നാഗൗറിലും തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലും ഗ്രാമഭരണസമിതികള്‍ നിലവില്‍വന്നു.

കേരളത്തിലെ പഞ്ചായത്ത്

1950-ല്‍ തിരുകൊച്ചി പ്രദേശത്തെ മുഴുവന്‍ ഗ്രാമപ്രദേശങ്ങളും 458 ഗ്രാമപ്പഞ്ചായത്തുകളായി തിരുവിതാംകൂര്‍-കൊച്ചി പഞ്ചായത്ത് ആക്ടിന്റെ പരിധിയില്‍വന്നിരുന്നു. മലബാര്‍ പ്രദേശത്തെ 150 പഞ്ചായത്തുകള്‍ മദിരാശി വില്ലേജ് പഞ്ചായത്ത് ആക്ടിന്റെ പരിധിയിലും ബാക്കി പ്രദേശങ്ങള്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴിലുമായിരുന്നു.

ഐക്യകേരളത്തിന് മുഴുവന്‍ ബാധകമാകുംവിധം 1960-ല്‍ കേരള പഞ്ചായത്ത് ആക്ട് നിര്‍മിക്കുകയും 1962 ജനുവരി ഒന്നിന് അത് നിലവില്‍വരികയും ചെയ്തു.

സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപ്രദേശങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് 922 ഗ്രാമപ്പഞ്ചായത്തുകള്‍ രൂപവത്കരിച്ചു. ഈ പഞ്ചായത്തുകളില്‍ 1962 ജനുവരി ഒന്നുമുതല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികള്‍ അധികാരമേറ്റു. 1994 ഏപ്രില്‍ 23-ന് കേരള പഞ്ചായത്തീരാജ് നിയമം നിലവില്‍വരുമ്പോള്‍ 991 ഗ്രാമപ്പഞ്ചായത്തുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഇപ്പോള്‍ എണ്ണം 941 ആണ്.

അംഗങ്ങളുടെ എണ്ണം

ഗ്രാമപ്പഞ്ചായത്ത്: കുറഞ്ഞത് 13, കൂടിയത് 23

ബ്ലോക്ക്പഞ്ചായത്ത്: കുറഞ്ഞത് 13, കൂടിയത് 23

ജില്ലാപഞ്ചായത്ത്: കുറഞ്ഞത് 16, കൂടിയത് 32

മുനിസിപ്പാലിറ്റി: കുറഞ്ഞത് 25, കൂടിയത് 52

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍: കുറഞ്ഞത് 55, കൂടിയത് 100