ജില്ലയിലെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി. മിഥുനയുടെ അനുഭവങ്ങളിലൂടെ...

പള്ളിക്കല്‍: കഴിഞ്ഞ അഞ്ചുവര്‍ഷം പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഭരണസാരഥ്യം കൈയാളിയ പറമ്പന്‍ മിഥുന കേരളത്തിലെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ ഒരാളാണ്. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റും ഇവര്‍തന്നെ. 22-ാം വയസ്സിലാണ് മിഥുന പ്രസിഡന്റായത്.
22-ല്‍ 12 സീറ്റ് നേടി യു.ഡി.എഫാണ് പഞ്ചായത്തില്‍ അധികാരത്തിലെത്തിയത്. എല്‍.ഡി.എഫിന് 10 സീറ്റുകളും. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായിരുന്നു. മുസ്ലിംലീഗ് ടിക്കറ്റില്‍ കോഴിപ്പുറം വാര്‍ഡില്‍നിന്ന് ജയിച്ചാണ് മിഥുന പ്രസിഡന്റായത്.
രണ്ടുവര്‍ഷം യു.ഡി.എഫ്. സുഗമമായി ഭരിച്ചു. പിന്നീട് മിഥുന ഇടതുപക്ഷത്തോട് അനുഭാവം കാണിക്കുകയും പാര്‍ട്ടിനിര്‍ദേശം കണക്കിലെടുക്കാതെ മന്ത്രി കെ.ടി. ജലീലിനൊപ്പം വേദി പങ്കിടുകയുംചെയ്തു. തുടര്‍ന്ന് മുസ്ലിംലീഗില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. പ്രസിഡന്റ് ഇടതുപക്ഷത്തോടൊപ്പംനിന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഭരണസമിതിയില്‍ ഇരുപക്ഷത്തും 11 വീതം അംഗബലം എന്ന അസാധാരണ സാഹചര്യമുണ്ടായി. കാസ്റ്റിങ് വോട്ടുപയോഗിച്ച് മിഥുന പലപ്പോഴും ഇടതുപക്ഷ നീക്കങ്ങളെ വിജയിപ്പിച്ചത് ലീഗിനും യു.ഡി.എഫിനും വലിയ വെല്ലുവിളിയായി. ആ ഭരണകാലത്തെ അനുഭവങ്ങളും ആശയാഭിലാഷങ്ങളും പങ്ക് വെക്കുകയാണിവിടെ.
വിദ്യാര്‍ഥിയായിരിക്കെയാണല്ലോ പഞ്ചായത്ത് പ്രസിഡന്റാവാന്‍ അവസരം കിട്ടിയത്. ഭരണകാലം എങ്ങനെ ഓര്‍ത്തെടുക്കുന്നു?
വികസന കാര്യങ്ങളില്‍ വലിയ മികവുണ്ടാക്കി. ബഡ്സ് സ്‌കൂള്‍, പകല്‍വീട്, കുടിവെള്ളപദ്ധതികള്‍, പഞ്ചായത്ത് ഓഫീസ് വിപുലീകരണം തുടങ്ങി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. വ്യക്തിഗത ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതില്‍ നീതി നടപ്പാക്കുകയും പൊതുഭരണത്തില്‍ സുതാര്യത ഉറപ്പുവരുത്തുകയും ചെയ്തു. അംഗങ്ങള്‍ക്ക് ഫണ്ട് വീതംവെച്ചുകൊടുക്കുന്ന കാര്യത്തില്‍ പക്ഷപാതിത്വം കാട്ടിയില്ല. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരുപാട് പാവങ്ങളെ സഹായിക്കാന്‍ കഴിഞ്ഞു. പട്ടികജാതിക്കാരുടെ വികസനം ഉന്നംവെച്ചുകൊണ്ടുള്ള ഒരുപാട് പദ്ധതികള്‍ നടപ്പാക്കി. ഏറെ സന്തോഷമുള്ള കാര്യമാണിത്.
സ്ഥാനമാനങ്ങള്‍ തന്ന മുസ്ലിംലീഗിനോട് അകലാന്‍ കാരണം?
ഞാനായിട്ട് അകന്നതല്ല. ഔദ്യോഗിക കാര്യങ്ങളില്‍ നീതി പുലര്‍ത്താനും ചുമതലകള്‍ പക്ഷാന്തരമില്ലാതെ നിര്‍വഹിക്കാനും മുതിര്‍ന്നതാണ് അനഭിമതയാകാന്‍ കാരണം. പദ്ധതികളിലും ഭരണത്തിലും ജനാധിപത്യ വിരുദ്ധ താത്പര്യത്തിന് കൂട്ടുനിന്നതുമില്ല. എയര്‍പ്പോര്‍ട്ട് അതോറിറ്റിയുടെ ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതിനാണ് പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
രാഷ്ട്രീയപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത എന്നെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തി വിജയിപ്പിച്ച് പ്രസിഡന്റാക്കിയതിന് പിന്നില്‍ മുസ്ലിംലീഗ് പ്രാദേശിക നേതൃത്വവും മുസ്ലിംലീഗ് പ്രവര്‍ത്തകരുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഇടതുപക്ഷമാണ് കൂടുതല്‍ ശരിയെന്ന് ബോധ്യമായി. മുസ്ലിംലീഗിലെ പല നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. അത് നിലനിര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
ഇക്കുറി മത്സരരംഗത്തില്ലല്ലോ ?
ഇഷ്ടമുള്ള സ്ഥാനത്തേക്ക് ഇഷ്ടമുള്ളയിടത്തുനിന്ന് മത്സരിക്കാന്‍ സി.പി.എം. അനുമതി തന്നതായിരുന്നു. തികച്ചും വ്യക്തിപരമായ കാരണങ്ങളും വിശാലമായ കുടുംബതാത്പര്യങ്ങളുമാണ് മത്സരിക്കാതിരിക്കാന്‍ കാരണം.
യുവജനങ്ങളോട് പറയാനുള്ളത്?
സേവന, രാഷ്ട്രീയരംഗങ്ങളിലേക്ക് യുവജനങ്ങള്‍ കൂടുതല്‍ കടന്നുവരണം.
ഭാവി പരിപാടികള്‍?
പക്ഷഭേദമില്ലാത്ത സമൂഹസേവനമാണ് സ്വപ്നം. എം.എയും ബി.എഡും പൂര്‍ത്തിയാക്കി. പഠനം തുടരുന്നു. സര്‍ക്കാര്‍ ജോലിയാണ് അടുത്ത ലക്ഷ്യം. വിവാഹജീവിതത്തിലേക്കും കടക്കണം.