മലപ്പുറം: ശരിക്കും തീപാറുന്ന സൗഹൃദമത്സരം കാണണമെങ്കിൽ പെരിന്തൽമണ്ണയിലേക്ക് വരണം. ഒരുവാർഡിൽത്തന്നെ ഒരു പാർട്ടിക്ക് രണ്ട് ഔദ്യോഗിക സ്ഥാനാർഥികൾ.

നഗരസഭയിലെ അഞ്ചാംവാർഡിലാണ് മുസ്‌ലിം ലീഗ് സ്ഥാനാർഥികളായ പച്ചീരി ഹുസൈന നാസറും പട്ടാണി സറീനയും നേർക്കുനേർ ഏറ്റുമുട്ടുന്നത്. സംശയിക്കേണ്ട, രണ്ടുപേരും ഔദ്യോഗിക ലീഗുകാർതന്നെ. ഇരുവർക്കും മത്സരിക്കാൻ ലീഗ് ജില്ലാ കമ്മിറ്റിതന്നെയാണ് അനുവാദവും നൽകിയത്. ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇതനുവദിച്ചുകൊണ്ടുള്ള കത്തും നൽകി. ജയിച്ചുവരുന്നയാളെ യു.ഡി.എഫ് അംഗമായി പരിഗണിക്കുമെന്നാണ് ഉടമ്പടി.

പെരിന്തൽമണ്ണയിലെ ലീഗ് കമ്മിറ്റിക്കുള്ളിലെ അസ്വാരസ്യത്തെത്തുടർന്നാണ് പ്രശ്‌നം ഉടലെടുത്തത്. ആദ്യം പ്രാദേശിക നേതൃത്വം സ്ഥാനാർഥിയാക്കിയത് പച്ചീരി ഹുസൈന നാസറിനെയാണ്. പക്ഷേ, മുനിസിപ്പൽ കമ്മിറ്റിക്കാർ ഉടക്കി. അവർ സറീന പട്ടാണിയെ നിർത്തി. വെറുമൊരു പ്രാദേശിക തർക്കമായി ഇതിനെ ചെറുതാക്കണ്ട. അണിയറയ്ക്കു പിന്നിൽ എം.എൽ.എ.മാരും സംസ്ഥാന നേതാക്കളുമെല്ലാമുണ്ട്. അതോടെ കോലാഹലമായി, ചർച്ചയായി. അങ്ങനെയാണ് വിചിത്രമായ ഒത്തുതീർപ്പ് ഫോർമുല നേതൃത്വം ഉണ്ടാക്കിയത്.

രണ്ടുപേർക്കും പാർട്ടി ചിഹ്നമായ കോണി നൽകിയിട്ടില്ല. ഹുസൈനയ്ക്ക് ഫുട്ബോളും സറീനക്ക് മൊബൈൽ ഫോണുമാണ് ചിഹ്നം. എന്നാൽ രണ്ടുപേർക്കും കെട്ടിവെക്കാനുള്ള തുക ജില്ലാ കമ്മിറ്റിതന്നെ നൽകി. ഇതെന്താണിങ്ങനെയെന്ന ചോദ്യത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മറുപടിയിങ്ങനെ- ‘‘ചില സാഹചര്യങ്ങളിൽ ഇത്തരം തീരുമാനങ്ങൾ വേണ്ടിവരും. ഒരു സൗഹൃദമത്സരമായി കണ്ടാൽ മതി’’. വിമതപ്രശ്‌നം വേണമെങ്കിൽ ഇങ്ങനെയും പരിഹരിക്കാമെന്ന് ലീഗ് തെളിയിച്ചെങ്കിലും ഒരു ചോദ്യത്തിന് നേതൃത്വം ഉത്തരം പറയേണ്ടിവരും. അഞ്ചാം വാർഡിലെ യു.ഡി.എഫ്. വോട്ടർമാർ ആർക്ക് വോട്ടുചെയ്യണം?