പുലാമന്തോള്‍: പഞ്ചായത്തിലെ 11-ാം വാര്‍ഡ് വടക്കന്‍ പാലൂരിലെ തിരഞ്ഞെടുപ്പുരംഗം ശ്രദ്ധേയമാകുന്നത് പാര്‍ട്ടി മാറി പരസ്പരം മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ സാന്നിധ്യംകൊണ്ട്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പള്ളത്ത് അലി മുസ്ലിംലീഗ് വാര്‍ഡ് പ്രസിഡന്റായി ഏറെക്കാലമായി പ്രവര്‍ത്തിച്ചിരുന്നയാളാണ്. മാസങ്ങള്‍ക്കുമുമ്പ് സ്ഥാനമൊഴിഞ്ഞ അലി കഴിഞ്ഞദിവസം സി.പി.എമ്മില്‍ചേര്‍ന്നു. ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥിയായി രംഗത്തുവരികയുംചെയ്തു.
ഇതിന് മറുപടിയെന്നോണം യു.ഡി.എഫ്. കിഴക്കേതില്‍ ഷിഹാബുദ്ദീനെ സ്ഥാനാര്‍ഥിയാക്കിയത്. ഷിഹാബുദ്ദീന്‍ എന്ന ഷിബു വടക്കന്‍ പാലൂര്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. പാര്‍ട്ടിയുമായി അകല്‍ച്ചയില്‍ കഴിഞ്ഞിരുന്ന ഷിബു കഴിഞ്ഞദിവസം മുസ്ലിംലീഗ് അംഗത്വം സ്വീകരിച്ചു. തങ്ങളുടെ പാര്‍ട്ടിയില്‍നിന്ന് പോയയാളെ എതിര്‍പക്ഷം സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ പകരത്തിനുപകരമായി യു.ഡി.എഫ്. ഷിബുവിനെ രംഗത്തിറക്കി. പൊതുവില്‍ യു.ഡി.എഫ്. അനുകൂല വാര്‍ഡായി വിലയിരുത്തപ്പെട്ടിരുന്ന വടക്കന്‍ പാലൂരില്‍ കഴിഞ്ഞതവണ എല്‍.ഡി.എഫ്. സ്വതന്ത്രയായി മത്സരിച്ച ഉമ്മുസല്‍മയാണ് വിജയിച്ചത്.
യു.ഡി.എഫില്‍ ഉണ്ടായ വിമതപ്രശ്‌നങ്ങളാണ് പരാജയത്തിനു കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.
ഇത്തവണ ഇരു വിഭാഗത്തിലേയും ഭാരവാഹികളായിരുന്നവര്‍തന്നെ പാര്‍ട്ടി മാറി പോരാടുമ്പോള്‍ മത്സരം ആവേശകരമാവുകയാണ്.