നിലമ്പൂര്‍: നഗരസഭയിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി.സി.സി. വൈസ് പ്രസിഡന്റും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും രാജിവെച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ബാബു മോഹനക്കുറുപ്പ്, നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ് എന്നിവരാണ് ഡി.സി.സി. പ്രസിഡന്റിന് രാജിനല്‍കിയത്. തിരഞ്ഞെടുപ്പിന് നേതൃത്വംനല്‍കിയവര്‍ എന്നനിലയില്‍ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. നിലമ്പൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും കോണ്‍ഗ്രസിനും കനത്ത തിരിച്ചടി നേരിട്ടതോടെ കോണ്‍ഗ്രസ് സമ്മര്‍ദത്തിലായിരിക്കുകയാണ്. നഗരസഭയില്‍ യു.ഡി.എഫിന് 25 സീറ്റുണ്ടായിരുന്നത് ഒന്‍പതായി കുറഞ്ഞു.
സ്ഥാനാര്‍ഥിനിര്‍ണയത്തിലേ കല്ലുകടി
സ്ഥാനാര്‍ഥിനിര്‍ണയം കോണ്‍ഗ്രസിന് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷമാണ് സ്ഥാനാര്‍ഥികളെ പരസ്യമായി പ്രഖാപിച്ചത്. ഒരുവിഭാഗം മാത്രം സ്ഥിരമായി മത്സിക്കുന്നുവെന്ന ആരോപണവുമായി യുവ നേതാക്കളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
രണ്ടുസ്ഥാനങ്ങള്‍ ഒന്നിച്ചുവഹിക്കരുതെന്ന കെ.പി.സി.സി. നിര്‍ദേശം മറികടന്നാണ് നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ് കോണ്‍ഗ്രസിന്റെ സിറ്റിങ്‌സീറ്റായ ഈയംമട ഡിവിഷനില്‍ മത്സരിച്ചത്. എന്നാല്‍ സി.പി.എമ്മിലെ മാട്ടുമ്മല്‍ സലീമിനോട് 230 വോട്ടിന് പരാജയപ്പെട്ടു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി വി.എ. കരീം യു.ഡിഎഫിന്റെ ഉറച്ച കോട്ടയായ ഏനാന്തിയില്‍ സി.പി.എമ്മിന്റെ പുതുമുഖ സ്ഥാനാര്‍ഥി റഫീഖിനോട് 40 വോട്ടിനും മുനിസിപ്പല്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് പാലൊളി മഹ്ബൂബ് തെക്കുമ്പാടത്ത് ജനാധിപത്യ കേരള കോണ്‍ഗ്രസിലെ രമേഷ് കുമാറിനോട് ഏഴ് വോട്ടിനുമാണ് വിജയിച്ചത്. ബി.ജെ.പി. അക്കൗണ്ട് തുറന്ന കോവിലകത്തുമുറിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. പാര്‍ട്ടിയുടെ ദയനീയ തോല്‍വി കോണ്‍ഗ്രസിന് സഹിക്കാനാവാത്തതാണ്.
ജില്ലയില്‍ കോണ്‍ഗ്രസ് ഭരണനേതൃത്വം നല്‍കുന്ന ഏക നഗരസഭയായ നിലമ്പൂര്‍ കൈവിട്ടത് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനും തലവേദനയായി. രാഹുല്‍ഗാന്ധി നല്‍കിയ ഭക്ഷ്യകിറ്റ് അടക്കമുള്ളവ നശിച്ച സംഭവത്തില്‍ ഡി.സി.സി. അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും എങ്ങുമെത്തിയിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് പാലോളി മഹ്ബൂബ് മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഈവിഷയവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നാണ് വിലയിരുത്തല്‍.
മുസ്ലിംലീഗും അസ്വസ്ഥതയില്‍
നിലമ്പൂര്‍: നഗരസഭയിലെ പരാജയം മുസ്ലിംലീഗിനും തിരിച്ചടിയായി. ഇവിടെ ഒരു സീറ്റുപോലും ലീഗിന് നേടാനായില്ല.
ജില്ലയില്‍ യു.ഡി.എഫ്. ഭരിക്കുന്ന എല്ലാ നഗരസഭകളിലും ഭരണത്തിന് ലീഗ് നേതൃത്വംനല്‍കുമ്പോള്‍ നിലമ്പൂരില്‍ ഒരു സീറ്റ് പോലുമില്ലാതെ പോയതിനുകാരണം നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് പ്രവര്‍ത്തക വികാരമുണ്ട്.
2015 -ല്‍ നിലമ്പൂര്‍ നഗരസഭയില്‍ ഒന്‍പത് അംഗങ്ങള്‍ മുസ്ലിംലീഗിനുണ്ടായിരുന്നു. കഴിഞ്ഞതവണ വിജയിച്ചിരുന്ന ചെറുവത്തുകുന്നില്‍ മത്സരിച്ച ബുഷറ ടീച്ചറും ചാരംകുളത്തെ സമീറാ അസീസും ഇതേ ഡിവിഷനുകളില്‍ മൂന്നാം സ്ഥാനത്തായി. താമരക്കുളത്തുനിന്ന് ജനവിധി തേടിയ മുന്‍ കൗണ്‍സിലര്‍ ഷെരീഫ് ശിങ്കാരത്തും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. താമരക്കുളത്ത് കെട്ടിവെച്ച പണവും നഷ്ടമായി. 54 വോട്ടുകള്‍ മാത്രമാണ് ഇവിടെ ലഭിച്ചത്.
പാടിക്കുന്ന് ഡിവിഷനില്‍ ആദ്യം പാര്‍ട്ടിനിശ്ചയിച്ച സ്ഥാനാര്‍ഥി മുംതാസ് ബാബു പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ച് വോട്ട് തേടി തുടങ്ങിയപ്പോള്‍ ലീഗിനുള്ളിലുണ്ടായ ഭിന്നതയെത്തുടര്‍ന്ന് സ്ഥാനാര്‍ഥിയെ മാറ്റി. പി.വി. അബ്ദുള്‍വഹാബ് എം.പിയുടെ തറവാട് വീട് ഉള്‍പ്പെടുന്ന ഇവിടെ ഐ.എന്‍.എല്‍. വിജയം കുറിക്കുകയും ചെയ്തു.
ഉറച്ച കോട്ടകളായ സ്‌കൂള്‍ക്കുന്ന്, രാമംകുത്ത്, നെടുമുണ്ടക്കുന്ന്, മുമ്മുള്ളി തുടങ്ങിയവയെല്ലാം നഷ്ടമായി. ജനറല്‍സീറ്റുകളായ ചെറുവത്തുകുന്ന്, ചാരംകുളം എന്നിവിടങ്ങളില്‍ വനിതാ അംഗങ്ങളെ സ്ഥാനാര്‍ഥികളാക്കിയതിനെതിരേ ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു.