മലപ്പുറം: ജില്ലയില്‍ കോണ്‍ഗ്രസ് ഭരണനേതൃത്വം വഹിക്കുന്ന ഏക നഗരസഭയായ നിലമ്പൂര്‍ ഇടതുമുന്നണി പിടിച്ചെടുത്തു. ആകെയുള്ള 33 ഡിവിഷനുകളില്‍ 22 സീറ്റുകള്‍ നേടിയാണ് ഇടതുമുന്നണി അധികാരം പിടിച്ചത്. യുഡിഎഫിന് ഒമ്പത് ഡിവിഷനിലുകളാണ് ജയിക്കാനായത്. 

2010ല്‍ നിലമ്പൂര്‍ നഗരസഭയായതിനുശേഷം രണ്ടുതവണയും യു.ഡി.എഫാണ് ഭരിച്ചിരുന്നത്. ആ കുത്തകയാണ് എല്‍ഡിഎഫ് ഇത്തവണ തകര്‍ത്തിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്ന നിലമ്പൂര്‍ ഗ്രാമപ്പഞ്ചായത്തായിരുന്നപ്പോള്‍ ഒരുതവണ ഇടതുപക്ഷവും ഭരിച്ചിട്ടുണ്ട്.

നഗരസഭയില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറന്നിരിക്കുന്നു എന്നത് മറ്റൊരു സവിശേഷത. രണ്ടാം ഡിവിഷനില്‍ മത്സരിച്ച വിജയനാരായണന്‍ ആണ് ബിജെപിയുടെ അക്കൗണ്ട് തുറന്നത്. ത്രികോണ മത്സരം നടന്ന ഇവിടെ സിപിഎമ്മിന്റെ പടവെട്ടി ബാലകൃഷ്ണന്‍ രണ്ടാമതെത്തി. 

2005ല്‍ നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റായ ആര്യാടന്‍ ഷൗക്കത്താണ് 2010-ല്‍ നഗരസഭയുടെ ആദ്യ പ്രസിഡന്റായത്. 2015-ല്‍ അധ്യക്ഷയായി കോണ്‍ഗ്രസിലെ പദ്മിനി ഗോപിനാഥും അധികാരത്തിലേറി. ആര്യാടന്‍മാരുടെ സ്വന്തം തട്ടകം ഇനി ഇടതുപക്ഷത്തിന് സ്വന്തമെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ പ്രതികരിച്ചു. മുസ്ലിംലീഗിന് നഗരസഭയില്‍ ഒരു സീറ്റുപോലും ഇത്തവണ ലഭിച്ചില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞതവണ ഒമ്പതിടങ്ങളില്‍ ലീഗ് ജയിച്ചിരുന്നു.