ഞങ്ങളില്ലെങ്കില്‍ പഞ്ചായത്ത് നഷ്ടമാകുമെന്ന് പറഞ്ഞ് ചിലര്‍ വന്നിരുന്നു. അത്തരം വാദഗതികള്‍ നേതൃത്വം തള്ളിക്കളഞ്ഞു. ചില വ്യക്തികളില്‍മാത്രം കേന്ദ്രീകരിച്ചല്ല പാര്‍ട്ടി നിലനില്‍ക്കുന്നത്.' - തദ്ദേശ തിരഞ്ഞെടുപ്പിലെ നയങ്ങളും പ്രതീക്ഷകളും പങ്കുവെക്കുകയാണ് മുസ്ലിംലീഗ് ജില്ലാപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മാതൃഭൂമി പ്രതിനിധി നടത്തിയ അഭിമുഖം

മലപ്പുറം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പരിഗണന നല്‍കാനായതിന്റെ ആവേശത്തിലാണ് മുസ്ലിംലീഗ്. അതിന് ചുക്കാന്‍പിടിച്ചത് ജില്ലാപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഇത്തവണ മത്സരിക്കുന്ന 1463 പേരില്‍ 125 പേര്‍ മാത്രമാണ് നിലവിലെ അംഗങ്ങള്‍. മൂന്നുതവണ അംഗങ്ങളായവരെ മാറ്റിനിര്‍ത്തണമെന്ന തീരുമാനം നടപ്പാക്കാനാകുമോ എന്ന് ആശങ്കയുണ്ടായിരുന്നതായി സാദിഖലി തങ്ങള്‍ തുറന്നുസമ്മതിക്കുന്നു.

യു.ഡി.എഫിന്റെ പ്രതീക്ഷകളും അനുകൂല ഘടകങ്ങളും ?

കേരളത്തിലെ രാഷ്ട്രീയസാഹചര്യം യു.ഡി.എഫിന് അനുകൂലമാണ്. ഭരണവിരുദ്ധവികാരം തരംഗമായി നിലനില്‍ക്കുന്നു. ഇടതുമുന്നണിയിലുള്ള പ്രതീക്ഷ അസ്തമിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഴിമതി, സ്വര്‍ണക്കടത്ത്, സ്വജനപക്ഷപാതം, നേതാക്കളുടെ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയെല്ലാം ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. പ്രബുദ്ധതയുള്ള കേരളജനത എല്‍.ഡി.എഫിന്റെ തിന്മയുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിലൂടെ നന്മയുടെ രാഷ്ട്രീയത്തിന്റെ വീണ്ടെടുപ്പിന് കാത്തിരിക്കുകയാണ് കേരളം.

തദ്ദേശ സ്ഥാപനങ്ങളില്‍ മൂന്നുതവണ അംഗങ്ങളായവര്‍ മാറിനില്‍ക്കണമെന്ന് മുസ്ലിംലീഗ് തീരുമാനിക്കാന്‍ കാരണം ? അത് നടപ്പാക്കിയതെങ്ങനെ ?

പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ അവസരംകൊടുക്കാനാണ് ഈ തീരുമാനം. പുതിയകാലത്ത് എല്ലാ മേഖലയിലും യുവാക്കള്‍ മുന്നിലുണ്ട്. ഇന്നത്തെ യുവത യോഗ്യതയും വിദ്യാഭ്യാസവുമുള്ളവരാണ്. അവരെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്നാണ് പാര്‍ട്ടി നയം. അതിനു വേണ്ടിയാണ് മൂന്നുതവണ അംഗങ്ങളായവരെ മാറ്റിയത്.

ആ തീരുമാനം നടപ്പാക്കുന്നതിലുണ്ടായ വെല്ലുവിളികള്‍ ?

തുടക്കത്തില്‍ സ്വാഭാവികമായും ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, തീരുമാനം പരക്കേ സ്വാഗതംചെയ്യപ്പെട്ടു. ഭൂരിപക്ഷം മുതിര്‍ന്ന അംഗങ്ങളും അതംഗീകരിച്ചു. അതിന്റെ ഫലമായാണ് ഇത്തവണ ലീഗിലെ 91 ശതമാനം സ്ഥാനാര്‍ഥികളും പുതുമുഖങ്ങളായത്.

സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം നടപ്പാക്കണമെന്ന് ജില്ലാനേതൃത്വത്തിന് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു. സംസ്ഥാനപ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇച്ഛാശക്തിയോടെ കൂടെനിന്നത് ഊര്‍ജംപകര്‍ന്നു. ജില്ലയിലെ ലീഗ് ജനപ്രതിനിധികളില്‍ മൂന്നിലധികംതവണ അംഗങ്ങളായ നിരവധിപേരുണ്ടായിരുന്നു. അവരൊക്കെ നല്ല കഴിവുള്ളവര്‍ തന്നെയാണ്. പക്ഷേ, യുവജനശക്തിയെ ഇനിയും മാറ്റിനിര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല. അവരെ രംഗത്തിറക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മുതിര്‍ന്നവര്‍ക്ക് പാര്‍ട്ടിയില്‍ അനുയോജ്യമായ പരിഗണന നല്‍കും.

ആരും ഇളവുതേടി വന്നില്ലേ ?

ഞങ്ങളില്ലെങ്കില്‍ പഞ്ചായത്തില്‍ ഭരണം നഷ്ടമാകുമെന്ന് പറഞ്ഞ് ചിലര്‍ വന്നിരുന്നു. അത് അംഗീകരിക്കാന്‍ കഴിയില്ലല്ലോ.

ചില വ്യക്തികളില്‍ മാത്രം കേന്ദ്രീകരിച്ചല്ല പാര്‍ട്ടി നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം വാദഗതികള്‍ ഞങ്ങള്‍ തള്ളിക്കളഞ്ഞു. തീരുമാനംലംഘിച്ച് മത്സരരംഗത്ത് തുടര്‍ന്നവര്‍ക്കെതിരേ നടപടിയെടുക്കുകയുംചെയ്തു.

പഞ്ചായത്ത് പ്രസിഡന്റുമാരെയും നഗരസഭാധ്യക്ഷരെയും തീരുമാനിക്കുമ്പോഴും യുവാക്കള്‍ക്ക് അവസരമുണ്ടാകുമോ ?

ജയിച്ചുവരുന്നത് കൂടുതല്‍ യുവാക്കളാകുമ്പോള്‍ സ്വാഭാവികമായും അവര്‍ക്ക് കൂടുതല്‍ അവസരം കിട്ടും. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ കഴിവും പരിചയസമ്പത്തുമാണ് പ്രധാന മാനദണ്ഡമാകുക.

പലയിടത്തും ലീഗിന് വിമതന്മാരുടെ ഭീഷണിയുണ്ട്. ഇവരോടുള്ള സമീപനം ?

വിമതരെയെല്ലാം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നുണ്ട്. അവര്‍ ജയിച്ചുവന്നാലും പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ല. അവരുടെ പിന്തുണ തേടേണ്ട ആവശ്യം പാര്‍ട്ടിക്കില്ല.

ഇത്തവണയുമുണ്ടല്ലോ ലീഗ് - കോണ്‍ഗ്രസ് സൗഹൃദ മത്സരം ?

കഴിഞ്ഞതവണ 24 തദ്ദേശ സ്ഥാപനങ്ങളില്‍ സൗഹൃദ മത്സരമുണ്ടായിരുന്നല്ലോ. ഇത്തവണ കരുവാരക്കുണ്ടിലും പൊന്മുണ്ടത്തും മാത്രമാണ് പ്രശ്നമുള്ളത്. അവിടെ ഇപ്പോഴും ചര്‍ച്ച തുടരുകയാണ്. ബ്ലോക്ക്, ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്ക് അവിടെയും യു.ഡി.എഫ്. മുന്നണിയായി തന്നെയാണ് മത്സരിക്കുന്നത്.