മൂന്നിയൂര്‍: ഗ്രാമപ്പഞ്ചായത്തിലെ ഏഴാംവാര്‍ഡ് വെളിമുക്കില്‍ എല്‍.ഡി.എഫിന് സ്ഥാനാര്‍ഥിയില്ല. ഇതോടെ സി.പി.എമ്മിനുള്ളില്‍ വിവാദങ്ങളുണ്ടായി.

സ്വതന്ത്രസ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതിനായി എല്‍.ഡി.എഫ്. ഈ വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. എന്നാല്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായ നഫീസ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരരംഗത്തിറങ്ങിയതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ സി.പി.എമ്മിനുള്ളില്‍ തര്‍ക്കങ്ങളുയര്‍ന്നതോടെ നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ഥിയെ പിന്തുണയ്‌ക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു.

 മറ്റു സ്ഥാനാര്‍ഥികള്‍ ഇല്ലാതായതോടെ എല്‍.ഡി.എഫിന് ഇവിടെ സ്ഥാനാര്‍ഥി ഇല്ലാതായി. യു.ഡി.എഫ്. വിജയിക്കാറുള്ള വാര്‍ഡില്‍ മുസ്ലിംലീഗിലെ സി.പി. സുബൈദയാണ് സ്ഥാനാര്‍ഥി. ബി.ജെ.പി. സ്ഥാനാര്‍ഥിയും നഫീസയുടെ അപരനുമാണ് മത്സരരംഗത്തുള്ള മറ്റുസ്ഥാനാര്‍ഥികള്‍.

 വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്‌ക്കേണ്ടതില്ലെന്നു തീരുമാനിച്ചതായി സി.പി.എം. മൂന്നിയൂര്‍ ലോക്കല്‍ സെക്രട്ടറി വി.പി. വിശ്വന്‍ അറിയിച്ചു. എന്തുചെയ്യണമെന്നത് എല്‍.ഡി.എഫ്. അടുത്തദിവസം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് ഇവിടെ എല്‍.ഡി.എഫിന് സ്ഥാനാര്‍ഥിയുണ്ട്