മഞ്ചേരി: മഞ്ചേരിയിൽ യു.ഡി.എഫ് സ്ഥാനാർഥിപ്പട്ടികയിൽ പകുതിയോളം കൈയടക്കി 'കൗൺസിലർ ക്വാട്ട'. നിലവിലെ കൗൺസിലർമാർ, മുൻകൗൺസിലർമാർ, ഇവർക്കുപകരം ഭാര്യയോ ഭർത്താവോ എന്ന രീതിയിലാണ് 25-ഓളം വാർഡുകളിൽ സീറ്റുകൾ നൽകിയത്. മുസ്‌ലിംലീഗിൽ 16-പേരാണ് ഇത്തരത്തിൽ മത്സരിക്കുന്നത്. കോൺഗ്രസ് മത്സരിക്കുന്ന 15-ൽ ഒമ്പതുസീറ്റും ഇത്തരത്തിലാണ്.

മുസ്‌ലിംലീഗിനായി നഗരസഭാധ്യക്ഷയും കോൺഗ്രസിനായി ഉപാധ്യക്ഷനും മൂന്നാംതവണയും ജനവിധി തേടുന്നുണ്ട്. കോൺഗ്രസിന്റെ സ്ഥിരംസമിതി അധ്യക്ഷക്കും ഇത് മൂന്നാം ഊഴമാണ്. മുസ്‌ലിംലീഗിന്റെ സ്ഥിരംസമിതി അധ്യക്ഷന്റെ മുൻകൗൺസിലറായ ഭാര്യയും മത്സരരംഗത്തുണ്ട്. ഇപ്പോഴുള്ള മൂന്ന് കൗൺസിലർമാരും മുമ്പുണ്ടായിരുന്ന ആറുകൗൺസിലർമാരും ജനവിധിതേടുന്നുണ്ട്. കോൺഗ്രസിനായി മുൻ ഉപാധ്യക്ഷയുൾപ്പെടെ നാലു മുൻകൗൺസിലർമാരാണ് മത്സരിക്കുന്നത്. ഇപ്പോഴത്തെ മൂന്നുകൗൺസിലർമാരും മത്സരിക്കാൻ സീറ്റുനേടി.

മൂന്നു വനിതാകൗൺസിലർമാർ പ്രതിനിധാനംചെയ്ത വാർഡുകളിൽ അവരുടെ ഭർത്താക്കൻമാർക്കാണ് അവസരം ലഭിച്ചത്.

നാലുവാർഡുകളിൽ നിലവിലെ കൗൺസിലർമാരുടെ ഭാര്യമാരും മത്സരിക്കുന്നുണ്ട്. ജനപിന്തുണയും വിജയസാധ്യതയുമാണ് സ്ഥാനാർഥിനിർണയത്തിൽ മാനദണ്ഡമാക്കുന്നതെന്നാണ് യു.ഡി.എഫ്. നേതാക്കൾ പറയുന്നത്.