മലപ്പുറം:  തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം എല്‍ഡിഎഫ് മുന്നേറിയപ്പോള്‍ മുസ്ലിംലീഗിന്റെ ഉരുക്കുകോട്ടയായ മലപ്പുറം ഇത്തവണയും യുഡിഎഫിനെ ചേര്‍ത്തുപിടിച്ചു. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും വ്യക്തമായ ഭൂരിപക്ഷം യുഡിഎഫ് നേടിയപ്പോള്‍ എല്‍ഡിഎഫിന് 2015-ലുണ്ടായ നേട്ടം നിലനിര്‍ത്താനായില്ല. അതേസമയം, നിലമ്പൂര്‍ നഗരസഭ എല്‍ഡിഎഫിന് പിടിക്കനായി. എന്നാല്‍ തിരൂര്‍ കൈവിട്ടു.. 

കൊണ്ടോട്ടി, കോട്ടക്കല്‍, മലപ്പുറം, മഞ്ചേരി, പരപ്പനങ്ങാടി, താനൂര്‍,  തിരൂരങ്ങാടി, വളാഞ്ചേരി എന്നീ നഗരസഭകളിലെ ഭരണം യുഡിഎഫ് നിലനിര്‍ത്തി. തിരൂര്‍ എല്‍ഡിഎഫില്‍ നിന്ന് തിരിച്ച് പിടിച്ചെടുക്കുകയായിരുന്നു താനൂര്‍ മുനിസിപ്പാലിറ്റിയില്‍ ഇത്തവണയും രണ്ടാം സ്ഥാനത്തെത്താന്‍ സാധിച്ചതാണ് ബിജെപിക്ക് ജില്ലയിലുണ്ടായ ഏക നേട്ടം. അതേസമയം കഴിഞ്ഞ തവണത്തേക്കാള്‍ താനൂരില്‍ സീറ്റ് കുറഞ്ഞു. ജില്ലയിലെ ഒരു തദ്ദേശ സ്ഥാപനത്തിലും ബിജെപിക്ക് അധികാരം പിടിക്കാനായില്ല.

ജില്ലയില്‍ ആകെയുള്ള 94 പഞ്ചായത്തുകളില്‍ 67 ഇടങ്ങളിലാണ് യുഡിഎഫ് മേല്‍ക്കൈ നേടിയത്. 20 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചിട്ടുണ്ട്. ഏഴ് പഞ്ചായത്തുകളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. 2015-ല്‍ 37 പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് നേടാനായിരുന്നു. 57 ഇടങ്ങളിലാണ് യുഡിഎഫ് വിജയിച്ചിരുന്നത്. 

15 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇത്തവണയും യുഡിഎഫ് 12 ഇടത്ത് ഭരണം നിലനിര്‍ത്തി. പെരുമ്പടപ്പ്, പൊന്നാനി, തിരൂര്‍ എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന്റെ വിജയം. 2015-ലും സമാനമായ സ്ഥിതിയായിരുന്നു.

ജില്ലാ പഞ്ചായത്ത് കക്ഷിനിലയില്‍ 2015-ലെ ആവര്‍ത്തനമാണ് മലപ്പുറത്തുണ്ടായത്. ആകെയുള്ള 32 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 27 ഇടങ്ങളില്‍ യുഡിഎഫ് ജയിച്ചു. അഞ്ചെണ്ണത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് ഇത്തവണയും ജയിക്കാനായത്.

നിലമ്പൂര്‍ നഗരസഭ പിടിച്ചെടുത്തത് മാത്രമാണ് ജില്ലയില്‍ ഇത്തവണ ഇടതുമുന്നണിക്കുണ്ടായ ഏക നേട്ടം. പെരിന്തല്‍മണ്ണ, പൊന്നാനി നഗരസഭകളില്‍ ഇത്തവണയും ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണം വരും. 2010-ല്‍ നിലമ്പൂര്‍ നഗരസഭയായതിനുശേഷം രണ്ടുതവണയും യു.ഡി.എഫാണ് ഭരിച്ചിരുന്നത്. അതാണ് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തത്. 33 ഡിവിഷനുകളില്‍ 23 സീറ്റുകളാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഒമ്പതിടത്ത് മാത്രമാണ് യുഡിഎഫിന് ജയിക്കാനായത്. ഒരു സീറ്റില്‍ ബിജെപിയാണ് ജയിച്ചത്. ആദ്യമായാണ് നിലമ്പൂര്‍ നഗരസഭയില്‍ ബിജജെപിക്ക് സീറ്റ് ലഭിക്കുന്നത്. ഇതിനിടെ നിലമ്പൂരില്‍ ലീഗിന് ഒരു സീറ്റ് പോലും ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

2010-നെ അപേക്ഷിച്ച് ജില്ലയില്‍ ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കാനായിട്ടുണ്ടെന്ന് പറയാം. എന്നാല്‍ 2015-ല്‍ ജില്ലയിലെ പഞ്ചായത്തുകളിലുണ്ടാക്കിയ മുന്നേറ്റം ഇത്തവണ ഇടതുപക്ഷത്തിന് സൃഷ്ടിക്കാനായില്ല. കഴിഞ്ഞ തവണ പരീക്ഷിച്ച് ഫലം കണ്ട സ്വതന്ത്രരെ മുന്‍നിര്‍ത്തിയുള്ള പരീക്ഷണം സിപിഎം ഇത്തവണയും ആവര്‍ത്തിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. എല്‍ഡിഎഫ് തന്ത്രം മുന്നില്‍കണ്ട് ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകളുമായി തുറന്ന സഖ്യം സ്ഥാപിച്ചാണ് മുസ്ലിംലീഗ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ജില്ലയില്‍ കാലങ്ങളായി തുടര്‍ന്നിരുന്ന കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം പരിഹരിക്കാനായതും യുഡിഎഫിന് നേട്ടമായി.