മലപ്പുറം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പ്പട്ടികയനുസരിച്ച് ജില്ലയില്‍ 94 ഗ്രാമപ്പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 33, 54, 658 വോട്ടര്‍മാര്‍.അന്തിമ വോട്ടര്‍പ്പട്ടികയില്‍ 17,25,455 സ്ത്രീകള്‍, 16,29,154 പുരുഷന്മാര്‍ ഉള്‍പ്പെട്ടു.

പ്രവാസികളും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരുമുള്‍പ്പെടെ ഗ്രാമപ്പഞ്ചായത്തുകളില്‍ 27,51,535 വോട്ടര്‍മാരും നഗരസഭകളില്‍ 6,03,123 വോട്ടര്‍മാരുമാണുള്ളത്. ജില്ലയില്‍ കൂടുതല്‍ വോട്ടര്‍മാരും വനിതകളാണ്.

ഗ്രാമപ്പഞ്ചായത്തുകളില്‍ 14,18,187 പേരും നഗരസഭകളില്‍ 3,07,268 പേരുമുള്‍പ്പെടെ 17,25,455 പേരാണ് വനിതാ വോട്ടര്‍മാര്‍. 16,29,154 പുരുഷ വോട്ടര്‍മാരില്‍ 13,33,323 പേര്‍ ഗ്രാമപ്പഞ്ചായത്തുകളിലും 2,95,831 പേര്‍ നഗരസഭകളിലും ഉള്‍പ്പെടുന്നു. ആകെ വോട്ടര്‍മാരില്‍ 49 പേര്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരുമാണ്.