മലപ്പുറം: നഗരസഭയുടെ ഒന്നാംവാര്‍ഡിലും 31-ലും മത്സരിക്കാന്‍ രണ്ടു യു.ഡി.എഫുകാര്‍. സംഗതിയുടെ പിടികിട്ടാതെ വോട്ടര്‍മാരും. നഗരസഭയിലെ ഒന്നാംവാര്‍ഡില്‍ ഭാര്യ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന വാര്‍ഡ് 31-ല്‍ ഒന്നാംവാര്‍ഡിലെ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് വോട്ടുതേടുന്നത്. ഒന്നാംവാര്‍ഡില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കൊപ്പം മുസ്ലിംലീഗിന്റെ മുന്‍ വാര്‍ഡ് കൗണ്‍സിലറും മത്സരരംഗത്തുണ്ട്. വോട്ടര്‍മാര്‍ക്ക് കൗതുകമായ തിരഞ്ഞെടുപ്പിനു വേദിയാകുകയാണ് മലപ്പുറം നഗരസഭ.

പട്ടികജാതി വനിതാസംവരണമായ ഒന്നാംവാര്‍ഡ് പടിഞ്ഞാറെമുക്കില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി മുസ്ലിംലീഗിലെ ബിനു രവികുമാര്‍. ഇവിടെയാണ് കഴിഞ്ഞതവണ കോല്‍മണ്ണയില്‍നിന്ന് ലീഗ് അംഗമായി വിജയിച്ച സുനിത സ്വതന്ത്രയായി മത്സരിക്കുന്നത്. ഒന്നാംവാര്‍ഡ് സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് ദളിത്ലീഗ് അംഗമായ തമ്മനശ്ശേരി വീട്ടിക്കാട്ടുപറമ്പില്‍ രവികുമാറാണ് പട്ടികജാതി ജനറലായ 31-ാം വാര്‍ഡ് കൈനോടില്‍ സ്വതന്ത്രനായി മത്സരിക്കുന്നത്. 31-ാം വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി അരുണ്‍കുമാറിന്റെ ഡമ്മി ആയാണ് രവികുമാര്‍ പത്രിക സമര്‍പ്പിച്ചത്. സുനിതയും ഡമ്മി സ്ഥാനാര്‍ഥി ആയാണ് പത്രിക സമര്‍പ്പിച്ചത്.

അതിനിടെ സ്വന്തം മുന്നണിയിലെ സ്ഥാനാര്‍ഥിക്കെതിരേ മുസ്ലിംലീഗ് നിര്‍ത്തിയ വിമതനാണ് വാര്‍ഡില്‍ മത്സരിക്കുന്നതെന്ന പ്രചാരണവും 31-ല്‍ ഉണ്ടായി. സാമൂഹികമാധ്യമങ്ങളില്‍ നടന്ന പ്രചാരണത്തിനെതിരേ മലപ്പുറം പോലീസില്‍ പരാതിനല്‍കിയിരുന്നെങ്കിലും ഒത്തുതീര്‍ന്നു. അതേസമയം പാര്‍ട്ടി വിമതരായല്ല മത്സരിക്കുന്നതെന്നു സുനിതയും രവിയും പറയുന്നു. പോളിങ്ബൂത്തില്‍ സ്വന്തം ആളുകളെ ഏജന്റായി നിര്‍ത്താനുള്ള യു.ഡി.എഫിന്റെ തന്ത്രമാണിതെന്ന് എതിരാളികള്‍ ആരോപിക്കുന്നുണ്ട്. ഒന്നാംവാര്‍ഡില്‍ അജിതയും 31-ല്‍ വി.കെ. റിറ്റുവുമാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍.