മലപ്പുറം: മാറുമോ മലപ്പുറം മറുപുറത്തേക്ക് ? ഉത്തരം അത്ര പെട്ടെന്ന് പറയാന്‍ മലപ്പുറത്തുകാര്‍ക്ക് കഴിയില്ല. യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറം നഗരസഭ ഒരിക്കല്‍ കൈവിട്ടെങ്കിലും പിന്നീടെന്നും അവരെയാണ് കൂടെനിര്‍ത്തിയത്. 1971-ല്‍ സ്ഥാപിതമായ നഗരസഭയില്‍ 1995-ല്‍ മാത്രമാണ് ഭരണം ഇടത്തോട്ടുപോയത്. വെറും രണ്ടുവര്‍ഷം മാത്രമായിരുന്നു അതിന് ആയുസ്സ്. ഉപതിരഞ്ഞെടുപ്പിലെ വിജയം യു.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിച്ചു. അതിനുശേഷം കാര്യമായ വെല്ലുവിളി മുസ്ലിംലീഗിന് ഈ മണ്ണിലുണ്ടായിട്ടില്ല. എന്തിനധികം പറയണം, പിന്നീട് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവുമായാണ് എല്ലാതവണയും ലീഗ് നഗരസഭ കയറുന്നത്.
നിലവില്‍ 25 സീറ്റുമായാണ് യു.ഡി.എഫ്. അധികാരത്തില്‍. 15 സീറ്റുമായി എല്‍.ഡി.എഫ്. പ്രതിപക്ഷത്തും. 2015-ല്‍ എല്‍.ഡി.എഫ്. മികച്ച പോരാട്ടത്തിലൂടെ അംഗബലം ഇരട്ടിയാക്കിയപ്പോള്‍ ക്ഷീണമുണ്ടായത് കോണ്‍ഗ്രസിനാണ്. വെറും രണ്ടിലൊതുങ്ങി അവര്‍. ഭരണം നിലനിര്‍ത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. ക്യാമ്പ്. ഇത്തവണ അട്ടിമറിയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. പാളയം. എതിര്‍പക്ഷത്തെ വിമതസ്വരങ്ങളും മുന്നണിക്ക് പുറത്തുനിന്നുകിട്ടുന്ന സഹകരണവും നല്‍കുന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം പല വാര്‍ഡുകളിലും ഈ തന്ത്രം പയറ്റി. വിമതരെയും പരിചിതമുഖങ്ങളെയും സ്ഥാനാര്‍ഥികളാക്കിയതിലൂടെ ഒരുമുഴം മുന്‍പേ ഗോദ എല്‍.ഡി.എഫ്. ആവേശമാക്കി. കപ്പിനും ചുണ്ടിനും ഇടയില്‍ 2015-ല്‍ നഷ്ടമായ വാര്‍ഡുകള്‍ ചേര്‍ത്ത് 30 സീറ്റ് ഉറപ്പിക്കാനാണ് യു.ഡി.എഫിന്റെ പോരാട്ടം. അതുകൊണ്ടുതന്നെ നാട്ടുകാരെയാണ് പല വാര്‍ഡുകളിലും സ്ഥാനാര്‍ഥികളാക്കിയത്.
പ്രചാരണ വിഷയങ്ങള്‍
വികസനമുരടിപ്പും തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാത്തതുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ബസ്സ്റ്റാന്‍ഡ് രേഖ കാണാതായതും ദ്രവമാലിന്യ സംസ്‌കരണശാല പ്രവര്‍ത്തിക്കാത്തതും അവര്‍ ആയുധമാക്കുന്നു. പി.എം.എ.വൈ, ലൈഫ് പദ്ധതിയില്‍ 1800 വീടുകള്‍ യാഥാര്‍ഥ്യമാക്കിയത് ഭരണനേട്ടമായി യു.ഡി.എഫ്. കാണുന്നു. 2018-19 വര്‍ഷത്തിലെ സ്വച്ഛത എക്സലന്‍സ് അവാര്‍ഡും 2019-ലെ മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡും ഭരണനേട്ടത്തിന്റെ അംഗീകാരമാണെന്ന് അവകാശപ്പെടുന്നു.
സീറ്റ് വിഭജനം പൂര്‍ണം
മത്സരിക്കുന്നവരെക്കുറിച്ച് മുന്നണികള്‍ ധാരണയിലായിക്കഴിഞ്ഞു. 40 വാര്‍ഡുകളില്‍ 27 സീറ്റില്‍ മുസ്ലിംലീഗും 13 എണ്ണത്തില്‍ കോണ്‍ഗ്രസും മത്സരിക്കും. എല്‍.ഡി.എഫില്‍ 34 സീറ്റില്‍ സി.പി.എമ്മും മൂന്നുവീതം സീറ്റുകളില്‍ സി.പി.ഐ, ഐ.എന്‍.എല്‍. കക്ഷികളും പോരാട്ടത്തിനിറങ്ങും.മിഠായി അലിഞ്ഞാലും ചിഹ്നം മറക്കരുത്...