മലപ്പുറത്ത് മൊത്തം സ്ഥാനാര്‍ഥികളില്‍ 7.17 ശതമാനം അധ്യാപകരാണ്. ഇക്കാര്യത്തില്‍ സംസ്ഥാനത്ത് മറ്റൊരു ജില്ലയും മലപ്പുറത്തിനൊപ്പമെത്തില്ല.
മലപ്പുറം മുനിസിപ്പാലിറ്റിയിലാണ് ഏറ്റവുംകൂടുതല്‍ അധ്യാപകര്‍ ജനവിധി തേടുന്നത്. മഞ്ചേരി, നിലമ്പൂര്‍ മുനിസിപ്പാലിറ്റികളും തൊട്ടുപിറകെയായി പെരിന്തല്‍മണ്ണയും തിരൂരുമുണ്ട്. ബിരുദാനന്തരബിരുദധാരികളുടെ കാര്യത്തിലും 'കളി ഞമ്മളോട് വേണ്ടാ' എന്ന ലൈനില്‍ തന്നെയാണ് കാര്യങ്ങള്‍.
7.34 ശതമാനം സ്ഥാനാര്‍ഥികള്‍ക്കും ബിരുദാനന്തരബിരുദമാണ് ഉയര്‍ന്ന യോഗ്യത. ഇക്കാര്യത്തില്‍ രണ്ടാമത് കോട്ടയമാണ്. ബിരുദാനന്തര ബിരുദത്തേക്കാള്‍ വിദ്യാഭ്യാസയോഗ്യതയുള്ള സ്ഥാനാര്‍ഥികളുടെ എണ്ണത്തിലും മലപ്പുറം മുന്നിലാണ്. മലപ്പുറത്തെ സ്ഥാനാര്‍ഥികളില്‍ 3.14 ശതമാനം അഭിഭാഷകരാണ്.
എന്നാല്‍, ജനവിധി തേടുന്ന തൊഴില്‍രഹിതരുടെ എണ്ണത്തിലും ജില്ല മുന്‍നിരയിലുണ്ടെന്നതാണ് വിരോധാഭാസം. രേഖപ്രകാരം 24.29 ശതമാനം പേര്‍ തൊഴില്‍രഹിതരാണ്. പ്രവാസികളുടെ മടങ്ങിവരവായിരിക്കാം ഇതിന് ഒരു കാരണം. തൊഴിലില്ലാപ്പടയുടെ കാര്യത്തില്‍ ഒന്നാമത് കൊല്ലമാണ്.