മലപ്പുറം: തിരഞ്ഞെടുപ്പിന്റെ കോളിളക്കം ശനിയാഴ്ച വൈകീട്ട് ആറുമണിവരെ മാത്രം. പരസ്യപ്രചാരണങ്ങള്‍ക്ക് അതോടെ തിരശ്ശീലവീഴും. പിന്നെ ഗൃഹസന്ദര്‍ശനവും മറ്റ് അണിയറപ്രവര്‍ത്തനങ്ങളും മാത്രം.
കോവിഡ് പശ്ചാത്തലത്തില്‍ കൊട്ടിക്കലാശങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്.
അഞ്ചുപേരില്‍ കൂടുതലുള്ള പരിപാടികള്‍ എവിടേയും നടത്താന്‍ പാടില്ലെന്ന് തിര.ഡെപ്യൂട്ടി കളക്ടര്‍ ടി.ആര്‍. അഹമ്മദ് കബീര്‍ അറിയിച്ചു. കോവിഡ് രോഗവ്യാപനത്തിന് കാരണമാകുന്ന ഒരു പ്രവര്‍ത്തനവും പാടില്ല. സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചതുപോലെ കൊട്ടിക്കാലാശം ഇല്ലാതെ പ്രചാരണം അവസാനിപ്പിക്കാനാണ് ജില്ലയില്‍ മുന്നണികളുടെ തീരുമാനം.
താഴേത്തട്ടില്‍ വാര്‍ഡ് തലത്തില്‍ മാത്രം നാലോ അഞ്ചോ പേര്‍ ചേര്‍ന്നുള്ള പരിപാടികള്‍ അതാത് ഇടങ്ങളില്‍ പ്രദേശികമായി നടത്താന്‍ അനുവദിച്ചതായി വിവിധ മുന്നണികളുടേയും പാര്‍ട്ടികളുടേയും ജില്ലാ നേതൃത്വം അറിയിച്ചു.
ജനവിധി തേടുന്നത് 8,387 പേര്‍
: തദ്ദേശതിരഞ്ഞെടുപ്പില്‍ ജില്ലയില്‍നിന്ന് ജനവിധി തേടുന്നത് 8,387 സ്ഥാനാര്‍ഥികളാണ്. നഗരസഭകളില്‍ ആകെ 516 പോളിങ് സ്റ്റേഷനുകളും ഗ്രാമപ്പഞ്ചായത്തുകളില്‍ 3,459 പോളിങ് സ്റ്റേഷനുകളും ഉള്‍പ്പെടെ 3,975 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 100 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. 56 പോളിങ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിങ്ങും 44 സ്റ്റേഷനുകളില്‍ വിഡിയോ കവറേജും ഏര്‍പ്പെടുത്തും.