പട്ടിക്കാട്: തദ്ദേശതിരഞ്ഞെടുപ്പില്‍ മുന്നണി നേതാക്കള്‍ക്ക് പൊല്ലാപ്പായി തറവാട് മഹാത്മ്യം. പഴയ തറവാട്ടുകാര്‍ തമ്മിലുള്ള പോരാട്ടത്തിനൊപ്പം പുതുപ്പണത്തില്‍ ഉണ്ടായ തറവാട്ടുകാരും ഒട്ടും പിന്നിലല്ല. ഈ റോഡ് കൊടുന്നത് ആരാ, വെള്ളോം വെളിച്ചോം സ്‌കൂളും കൊടുന്നത് ആരാ.... ഒക്കെ ഞങ്ങളെ തറവാട്ടാരാ... ഓലൊക്കെ എപ്പഴാ ഉണ്ടായത്. ഇങ്ങനെ പോകുന്നു അവകാശവാദങ്ങള്‍.

ജില്ലയിലെ പ്രമുഖപാര്‍ട്ടിയുടെ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചയാണ് രംഗം. രാഷ്ട്രീയത്തിനും മുന്നണിക്കും മുകളിലാണ് കുടുംബത്തിനും തറവാടിനും സ്ഥാനമെന്ന വാദം നേതാക്കള്‍ നേരിടുന്ന കാലമാണിത്. ഇവ പരിഗണിക്കാതെ സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് നേതൃത്വം. ഇതിനിടയില്‍ കാലങ്ങളായി പാര്‍ട്ടിക്ക് പണിയെടുക്കുന്നവരെ കണ്ടില്ലെന്നു നടിക്കാനും വയ്യ. അടുത്തകാലത്തായി രൂപപ്പെട്ട കുടുംബയോഗങ്ങളാണ് ഇത്തരത്തിലുള്ള പ്രവണതയ്ക്ക് തുടക്കമിട്ടത്. ജില്ലയിലെ മിക്ക കുടുംബങ്ങളും കുടുംബയോഗങ്ങള്‍ നടത്തി തങ്ങളുടെ ഐക്യവും ശക്തിയും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ലക്ഷങ്ങള്‍ പൊടിപൊടിച്ചാണ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവരുടെ തലമുറകളുടെ സംഗമം നടക്കുന്നത്. ഒട്ടേറെ ദാനധര്‍മ പ്രവര്‍ത്തനവും ഇതോടൊപ്പം നടക്കാറുണ്ട്. തിരഞ്ഞെടുപ്പിലും മറ്റും സ്വീകരിക്കേണ്ട നിലപാടുകളും ഇതില്‍ തീരുമാനിക്കുന്നു. കുടുംബത്തിലേക്ക് കൂടുതല്‍ സ്ഥാനാര്‍ഥികളെ നേടിയെടുക്കാനും ഇവരെ രാഷ്ട്രീയംനോക്കാതെ പിന്തുണയ്ക്കണമെന്നും ചില കുടുംബയോഗങ്ങള്‍ നിര്‍ദേശിക്കുന്നു.

ഈ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വിവിധ തറവാട്ടുകാര്‍ ഏറ്റുമുട്ടുന്നതാണ് സ്ഥാനാര്‍ഥി നിര്‍ണയ യോഗങ്ങളില്‍ പലയിടത്തും കാണുന്നത്. ഒരേ പാര്‍ട്ടിക്കാരാണെങ്കിലും തറവാടാണ് മുഖ്യഘടകമാക്കുന്നത്. മുന്നണി നേതാക്കള്‍ തറവാട്ടുവാദക്കാരെ വിരട്ടിയും ചിലര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയും ഒതുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് വിലപ്പോവുന്നില്ല. പാര്‍ട്ടി ടിക്കറ്റില്‍ സീറ്റ് ലഭിക്കാത്തവര്‍ വിമതനായി നിന്ന് തറവാടിത്തം തെളിയിക്കാനുള്ള പുറപ്പാടിലാണ്. വിഘടിച്ച് നില്‍ക്കുന്നവരുടെയും എതിര്‍ചേരികളുടെയും സഹകരണത്തോടെ ഇത്തരക്കാര്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇവരെ പത്രിക പിന്‍വലിപ്പിച്ച് കൂടെ നിര്‍ത്താനുള്ള പെടാപാടിലാണ് അവസാന നിമിഷത്തിലും മുന്നണി നേതാക്കള്‍.