മലപ്പുറം : തിരഞ്ഞെടുപ്പു പ്രചാരണത്തിന് എന്തെല്ലാം വ്യത്യസ്തതകളാവാം എന്ന ഗവേഷണത്തിലാണ് പലസ്ഥാനാര്‍ഥികളും. അക്കാര്യത്തില്‍ ഏറ്റവും 'ഉയര്‍ന്നു' ചിന്തിച്ചിരിക്കുകയാണ് മലപ്പുറത്തെ ഒരു സ്ഥാനാര്‍ഥി. പൊയ്ക്കാലിലേറി വോട്ടുചോദിച്ചും വോട്ടര്‍മാരെ ആകര്‍ഷിച്ചുമാണ് ഇദ്ദേഹം വ്യത്യസ്തനാകുന്നത്.

ആലത്തൂര്‍പ്പടി അണ്ടിക്കാട് ശിഹാബാണ് ഇരുമ്പുപൈപ്പുകൊണ്ടുള്ള പൊയ്ക്കാലിലേറി 'ആകാശം മുട്ടെ' വളര്‍ന്നുകൊണ്ട് നടന്ന് വോട്ടുചോദിക്കുന്നത്. മൂന്നരമീറ്ററാണ് ഇരുമ്പുപൈപ്പിന്റെ നീളം. ഇത്രയും ഉയരത്തിലായതുകൊണ്ട് സാമൂഹിക അകലത്തിന്റെ കാര്യത്തില്‍ ആശങ്കയില്ലെന്നാണ് വോട്ടര്‍മാരുടെ കമന്റ്. പെട്ടെന്നൊരുദിവസം ഇങ്ങനെ ഉയരത്തിലേറിയതല്ല ശിഹാബ്. മേല്‍മുറി എ.പി.എം. കളരിസംഘത്തില്‍ അഭ്യാസം പഠിച്ചിരുന്നു. 2015-ല്‍ തിരുനാവായ മാമാങ്കമഹോത്സവത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൊയ്ക്കാല്‍ നടത്തം ഇന്ത്യന്‍ ബുക്ക്സ് ഓഫ് റെക്കോഡ്സില്‍ ഇടം നേടി. വൈകാതെ ശിഹാബ് ഏഷ്യന്‍ ബുക്ക്സ് ഓഫ് റെക്കോഡും നേടി. മൂന്നര കിലോമീറ്റര്‍ ദൂരം രണ്ടേമുക്കാല്‍ മണിക്കൂര്‍കൊണ്ട് നടന്നാണ് റെക്കോഡിട്ടത്. ഈ ആവേശത്തിലാണ് ഇപ്പോള്‍ നഗരസഭയിലേക്ക് മത്സരിക്കുന്നത്.

മലപ്പുറം നഗരസഭയില്‍ മൂന്നാംവാര്‍ഡില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായാണ് ശിഹാബ് മത്സരിക്കുന്നത്. നഷ്ടപ്പെട്ട വാര്‍ഡ് പിടിച്ചെടുക്കുകതന്നെയാണ് ലക്ഷ്യം. ഈ മത്സരത്തില്‍ വിജയിച്ചിട്ടുവേണം പൊയ്ക്കാലുമായി ഗിന്നസ് ബുക്കിലേക്ക് ഒരു കൈനോക്കാനെന്നാണ് ശിഹാബിന്റെ ആഗ്രഹം.