കുറ്റിപ്പുറം: പഞ്ചായത്തംഗം ഒരു ചെറിയ പുള്ളിയല്ല. 'ട്ട' വട്ടത്തിലുള്ള പഞ്ചായത്താണെങ്കിലും നിര്‍വഹിക്കാന്‍ ചുമതലകളേറെ. പേരിനുമാത്രമുള്ള ചുമതലകളല്ല. ഏതൊക്കെ ചുമതലകളെന്ന് പഞ്ചായത്തീരാജ് നിയമത്തില്‍ അക്കമിട്ട് പറയുന്നുമുണ്ട്.

തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതിയംഗമെന്നത് ഏറെ ചുമതലകളുള്ള പദവിയാണെന്ന് പലര്‍ക്കും അറിയില്ല. ചിലപ്പോള്‍ മെന്പര്‍ക്കുപോലും. ചുരുക്കിപ്പറഞ്ഞാല്‍ നമ്മള്‍ കാണുന്ന മെന്പര്‍മാര്‍ ഒരു സംഭവംതന്നെയാണ്.

ഗ്രാമപഞ്ചായത്ത് അംഗം-60 ചുമതലകള്‍

27 അനിവാര്യ ചുമതലകളും 14 പൊതുവായ ചുമതലകളുമുണ്ട്. ഇവയ്ക്കുപുറമേ, മേഖലാടിസ്ഥാനത്തില്‍ 19 വകുപ്പുകളില്‍നിന്നുമുള്ള ചുമതലകളും നിര്‍വഹിക്കണം.

ബ്ലോക്ക് പഞ്ചായത്ത് അംഗം-17 ചുമതലകള്‍

മൂന്ന് പൊതുവായ ചുമതലകളും മേഖലാടിസ്ഥാനത്തില്‍ 14 വകുപ്പുകളില്‍നിന്നുള്ള ചുമതലകളുമുണ്ട്

ബ്ലോക്ക്തലത്തില്‍ സര്‍ക്കാര്‍-സര്‍ക്കാരിതര സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തുക, ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് സാങ്കേതികസഹായം നല്‍കുക, ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതികള്‍ കണക്കിലെടുത്തശേഷം പദ്ധതി തയ്യാറാക്കുക തുടങ്ങിയവയാണ് പൊതുവായ ചുമതലകള്‍.

ജില്ലപഞ്ചായത്ത് അംഗം-19 ചുമതലകള്‍

ജില്ലാ പഞ്ചായത്തുകള്‍ക്ക് പൊതുവായ മൂന്നുചുമതലകളും മേഖലാടിസ്ഥാനത്തില്‍ 16 വകുപ്പുകളില്‍നിന്നുള്ള ചുമതലകളുമുണ്ട്

സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളില്‍നിന്നുള്ള സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തുക, ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഗ്രാമപ്പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും സാങ്കേതികസഹായം നല്‍കുക, ഗ്രാമപ്പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും പദ്ധതികള്‍ കണക്കിലെടുത്തശേഷം പദ്ധതികള്‍ തയ്യാറാക്കുക തുടങ്ങിയവയാണ് പൊതുവായ ചുമതലകള്‍.

നഗരസഭ കൗണ്‍സിലര്‍- 30 ചുമതലകള്‍

അനിവാര്യമായ 30 ചുമതലകള്‍ നഗരസഭാ കൗണ്‍സിലര്‍ നിര്‍വഹിക്കണം


പ്രസിഡന്റിന്റെ പവര്‍

പഞ്ചായത്തിന്റെ നിര്‍വഹണാധികാരി. എല്ലാവിഭാഗം ഉദ്യോഗസ്ഥരുടെയും നിയന്ത്രണം. എല്ലാ ഉദ്യോഗസ്ഥരുടെയുംപേരില്‍ അച്ചടക്കനടപടി സ്വീകരിക്കാനുള്ള അധികാരം. ലഘുശിക്ഷ മാത്രമേ ഇപ്രകാരം നല്‍കാവൂ. സെക്രട്ടറിയും മറ്റ് ഗസറ്റഡ് ഉദ്യോഗസ്ഥരും ഒഴികെയുള്ള ജീവനക്കാരെ ഭരണസമിതിയോഗത്തിന്റെ അംഗീകാരത്തോടെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യാം.


അനിവാര്യമായ ചുമതലകള്‍

  • കെട്ടിടനിര്‍മാണം നിയന്ത്രിക്കുക
  • പൊതുസ്ഥലങ്ങള്‍ കൈയേറ്റമില്ലാതെ സംരക്ഷിക്കുക
  • കുടിവെള്ള സ്രോതസ്സുകള്‍ സംരക്ഷിക്കുക
  • അലഞ്ഞുതിരയുന്ന നായ്ക്കളെ ഇല്ലായ്മചെയ്യുക

പൊതുവായ ചുമതലകള്‍

  • സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുക
  • സാമൂഹികതിന്മകള്‍ക്കെതിരേയുള്ള ബോധവത്കരണം

മേഖലാടിസ്ഥാനത്തിലുള്ളവ

കൃഷി മൃഗസംരക്ഷണം ജലസേചനം മത്സ്യബന്ധനം ഭവനനിര്‍മാണം

പരാതിയുണ്ടോ...? പരിഹാരമുണ്ട്...

തദ്ദേശസ്ഥാപനങ്ങളുടെയും അതിലെ ഉദ്യോഗസ്ഥന്മാരുടെയും ഭരണനിര്‍വഹണത്തില്‍ അഴിമതിയോ ദുര്‍ഭരണമോ അപാകമോ കണ്ടെത്തിയാല്‍ അന്വേഷണമാവശ്യപ്പെട്ട് ഓംബുഡ്സ്മാനെ സമീപിക്കാം. തദ്ദേശസ്ഥാപനങ്ങളുടെ തീരുമാനങ്ങള്‍ക്കെതിരേ നല്‍കുന്ന അപ്പീല്‍, റിവിഷന്‍ എന്നിവ പരിഗണിക്കുന്നതിന് ട്രിബ്യൂണലും പ്രവര്‍ത്തിക്കുന്നു.